National Politics
മോദിക്കില്ലാത്ത പക്വത രാഹുലിന് കൈവന്നിട്ടുണ്ട്; കോണ്‍ഗ്രസിന് വരാനിരിക്കുന്നത് അച്ഛേ ദിന്‍; രാജ്താക്കറെയുടെ മുന്നില്‍ തുറന്നടിച്ച് ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 22, 09:44 am
Thursday, 22nd February 2018, 3:14 pm

മുംബൈ: കോണ്‍ഗ്രസിന് വരാനിരിക്കുന്നത് നല്ല നാളുകളെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. ബി.ജെ.പിയെ തകര്‍ത്തെറിയാന്‍ ഇനി കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളുവെന്നും രാജ്യം മുഴുവന്‍ വ്യാപിക്കുന്ന തരത്തില്‍ മറ്റൊരു മൂന്നാം പാര്‍ട്ടി ഇനി ഉയര്‍ന്നു വരില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പക്വതയെത്തിയെന്നും മോദിക്കില്ലാത്ത നേതൃത്വപാടവം അദ്ദേഹത്തിന് കൈവന്നിട്ടുണ്ടെന്നും ശരദ് പവാര്‍ അഭിപ്രായപ്പെട്ടു. ഒരു പൊതുപരിപാടിയില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറേയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കവേയായിരുന്നു രാഷ്ട്രീയ ചുവടുമാറ്റം സൂചിപ്പിച്ചുകൊണ്ടുള്ള പവാറിന്റെ വാക്കുകള്‍. രാഹുല്‍ ഗാന്ധിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാല്ലെന്നായിരുന്നു പവാറിന്റെ മുന്‍ നിലപാട്.

നരേന്ദ്രമോദി മികച്ച ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പക്ഷേ, പ്രധാനമന്ത്രിയെന്ന സ്ഥാനത്തേക്ക് എത്തിയപ്പോള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വികാരം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ മോദിക്കായില്ല. പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനുമുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും പവാര്‍ അഭിപ്രായപ്പെട്ടു. “ജനങ്ങളോട് സംവദിക്കാനും ജനങ്ങളുടെ പ്രശനങ്ങള്‍ കേള്‍ക്കാനും രാഹുല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്” അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ സഹകരണ ബാങ്കിങ്ങ് മേഖലയെ തകര്‍ത്തുകളഞ്ഞെന്നും പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുന്നതാണ്. സംഭവം ഗൗരവമേറിയതാണ്, പക്ഷേ പ്രതികരിക്കാന്‍ മോദി തയ്യാറാവുന്നതേയില്ലെന്നും പവാര്‍ കുറ്റപ്പെടുത്തി.