കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകവുമായി വെര്‍ച്ച്വല്‍ യോഗം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടത് പാര്‍ട്ടികളുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാവരും പിന്തുണച്ചു. എന്നാല്‍ സീറ്റ് ഷെയറിങ്ങുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ ചില മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പ് രേഖപ്പെടുത്തി.
ബീഹാറിലെ തെരഞ്ഞെടുപ്പ് അനുഭവത്തില്‍ നിന്നും ബംഗാളിലും ചില കാര്യങ്ങള്‍ പഠിക്കണമെന്ന അഭിപ്രായവും ചില നേതാക്കള്‍ പങ്കുവെച്ചു. ബീഹാറില്‍ എഴുപത് സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് പത്തൊമ്പത് സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുള്ളൂ.
ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും സഖ്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും തകര്‍ക്കാന്‍ കഴിയുമെന്ന അഭിപ്രായമാണ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമായും മുന്നോട്ട് വെച്ചത്.
2016ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിച്ചത്. ഈ സീറ്റുകള്‍ കുറയാന്‍ പാടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിക്ക് ഉറച്ച സ്വാധീനമുള്ള മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കാന്‍ സാധിക്കണമെന്ന ആവശ്യവും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ഉന്നയിച്ചു.
2016ല്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചപ്പോള്‍ 294 അംഗ നിയമസഭയില്‍ 76 സീറ്റുകളാണ് സഖ്യത്തിന് നേടാന്‍ സാധിച്ചത്. പിന്നീട് സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.