| Wednesday, 17th April 2019, 1:04 pm

'മോദിയെപ്പോലെയല്ല, ഞാന്‍ ജനങ്ങളോട് കള്ളം പറയില്ല; വയനാടിനൊപ്പം ജീവിതകാലം മുഴുവനുണ്ടാകും': രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: താന്‍ ജനങ്ങളോട് കള്ളം പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പോലെയല്ല ഞാന്‍. ഞാന്‍ ഇവിടെ വന്ന് നിങ്ങളോട് കള്ളം പറയില്ല. കാരണം നിങ്ങളുടെ ബുദ്ധിയേയും ബോധ്യത്തേയും ഞാന്‍ ബഹുമാനിക്കുന്നുണ്ട്. നിങ്ങളുമായി ഒന്ന് രണ്ട് മാസത്തെ ബന്ധമല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ജീവിതകാലം മുഴുവനുള്ള ബന്ധമാണ്.’ രാഹുല്‍ പറഞ്ഞു.

‘ഞാന്‍ എന്ത് ചെയ്യും എന്ത് ചിന്തിക്കുന്നു എന്ന് പറയാന്‍ പോകുന്ന ഒരു രാഷ്ട്രീയക്കാരനായല്ല ഞാനിവിടെ വന്നിരിക്കുന്നത്. എന്റെ മന്‍ കി ബാത്ത് പറയാനുമല്ല. നിങ്ങളുടെ മനസിലുള്ളത്, ഹൃദയത്തിലുള്ളത് മനസിലാക്കാനാണ് ഞാനിവിടെ എത്തിയത്.’ എന്നും രാഹുല്‍ പറഞ്ഞു.

നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല. എനിക്കു മത്സരിക്കാന്‍ ഏറ്റവും യോജിച്ച സ്ഥലമാണ് വയനാട്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഉദാഹരണമാണ് കേരളമെന്നും രാഹുല്‍ പറഞ്ഞു.

ജീവിതകാലം മുഴുവന്‍ താന്‍ വയനാടിനൊപ്പമുണ്ടാകും. രാത്രി യാത്രാനിരോധനം, വന്യജീവി പ്രശ്‌നം തുടങ്ങിയവ പരിഹരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിക്കാനും, കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കാനും കാരണം മോദിയുടെ നയങ്ങളാണ്. മോദി രാജ്യത്തെ വിഭജിച്ച് രാജ്യത്തിനുള്ളില്‍ തന്നെ സംഘര്‍ഷമുണ്ടാക്കി. ഓരോ 24 മണിക്കൂറിനുള്ളിലും 27,000 യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെടുന്ന ഒരു സാഹചര്യം മോദി സൃഷ്ടിച്ചിരിക്കുകയാണ്. അതാണ് ഏറ്റവും ദേശദ്രോഹപരമായ കാര്യമെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ താന്‍ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പിയായി തുടരുമെന്നും അമര്‍ ഉജാല ദിനപത്രത്തിന് നല്‍കിയ അഭുമുഖത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. അമേഠിയുമായി തനിക്ക് ബന്ധമുണ്ട്, എന്നാല്‍ അന്ധവിശ്വാസം ഇല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more