ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസും പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ താനും ഏതു തരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്കും തയാറാണെന്നും കേന്ദ്രത്തില്‍ സഖ്യ രൂപീകരണത്തിനായി ബി.എസ്.പിയുമായി ചര്‍ച്ച നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറഞ്ഞു.
പ്രാദേശിക പാര്‍ട്ടികളെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം മടിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പതിനഞ്ചു വര്‍ഷമായി കോണ്‍ഗ്രസ് ഭരണത്തിലിരുന്ന മഹാരാഷ്ട്രയില്‍ ബി.എസ്.പിയുമായി കടുത്ത മത്സരം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തും കേന്ദ്രത്തിലും സഖ്യം ചേരുന്നത് തമ്മില്‍ വ്യത്യാസമുണ്ട്. ബി.എസ്.പി നേതാവ് മായാവതി ഉദ്ദേശിച്ചതും അതാണ്.
മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് വിജയിക്കാനാകും. എന്നാല്‍ മഹാരാഷ്ട്രയില്‍ സഖ്യമുണ്ടെങ്കില്‍ അത് ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് കഴിഞ്ഞ ദിവസം ബി.എസ്.പി അദ്ധ്യക്ഷ മായാവതി പറഞ്ഞിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യ സാധ്യതകള്‍ തള്ളിക്കൊണ്ട് സംസാരിക്കുകയായിരുന്നു മായാവതി.
രാഹുലും സോണിയാഗാന്ധിയും തങ്ങളുമായി തൃപ്തികരമായൊരു സഖ്യത്തിന് തയ്യാറായിരുന്നു. പക്ഷെ മറ്റുചില കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യത്തിന് എതിരായിരുന്നു. ദ്വിഗ് വിജയ്സിങ്ങിനെ പോലുള്ള നേതാക്കളാണ് എതിര് നിന്നത്. യഥാര്‍ത്ഥത്തില്‍ ദ്വിഗ്വിജയ് സിങ് ഒരു ബി.ജെ.പി ഏജന്റാണ്. മായാവതിക്ക് ബി.ജെ.പിയില്‍ നിന്നും സമ്മദര്‍ദ്ദമുണ്ടെന്നാണ് സിങ് പറഞ്ഞു പരത്തുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് എന്‍ഫോഴ്സ്മെന്റിനെയും സി.ബി.ഐയെയും പേടി. -മായാവതി പറഞ്ഞു.
മഹാസഖ്യത്തെ ഉപയോഗിച്ച് ബി.എസ്.പിയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ദളിതരുടെയും മറ്റു അധസ്ഥിത വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചിട്ടും ബി.ജെ.പിയെ പോലെ വര്‍ഗീയവും ജാതീയവുമായ മനസ്ഥിതിയാണ് കോണ്‍ഗ്രസിനുള്ളതെന്നും മായവതി പറഞ്ഞു.