ന്യൂദല്‍ഹി: മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിക്ക് ഏല്‍ക്കേണ്ടിവരുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി. ഫേസ്ബുക്കിലൂടെയാണ് കോഹ്‌ലിക്ക് പിന്തുണയുമായി അദ്ദേഹം രംഗത്തെത്തിയത്.
വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് സ്‌നേ്ഹമെന്തെന്ന് അറിയില്ലെന്നും അതിനാല്‍ അവരോട് ക്ഷമിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
‘പ്രിയപ്പെട്ട വിരാട്, ആരും അവര്‍ക്ക് സ്‌നേഹം നല്‍കാത്തതിനാല്‍ ഈ ആളുകള്‍ വിദ്വേഷത്താല്‍ നിറഞ്ഞിരിക്കുന്നു. അവരോട് ക്ഷമിക്കുക. ടീമിനെ ശക്തിപ്പെടുത്തുക,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് പിന്നാലെ് വിരാട് കോഹ്‌ലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി വരെ ഉണ്ടായ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. മുഹമ്മദ് ഷമിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നേരത്തെ രാഹുല്‍ ഗാന്ധി എത്തിയിരുന്നു.
വിരാട് കോഹ്‌ലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയമാണ് മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോഹ്‌ലി ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നത്.
ഇതിന് പിന്നാലെയാണ് കോഹ്‌ലിയുടെ മകള്‍ക്കെതിരായ ഭീഷണി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടക്കത്തില്‍ കോഹ്‌ലിയ്ക്കും അനുഷ്‌കയ്ക്കും നേരെ നടന്ന സൈബര്‍ ആക്രമണം വൈകാതെ ഒന്‍പത് മാസം മാത്രം പ്രായമുള്ള മകള്‍ക്കുനേരെയും തിരിയുകയായിരുന്നു.
അതേസമയം, ന്യൂസിലാന്‍ഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ നായകന്‍ ഷമിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്.
‘നട്ടെല്ലില്ലാത്ത ഒരുകൂട്ടമാളുകളെപ്പോലെ സോഷ്യല്‍ മീഡിയയിലല്ല ഞങ്ങള്‍ കളിക്കുന്നത്, മൈതാനത്താണ്. ഇത്തരക്കാര്‍ക്ക് നേരിട്ട് സംസാരിക്കാന്‍ ഒരു ധൈര്യവുമുണ്ടാവില്ല,’ കോഹ്‌ലി പറഞ്ഞു.
കളിക്കാര്‍ക്ക് പരസ്പരം അറിയാമെന്നും ടീമിന്റെ കരുത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. ബുംറയ്‌ക്കൊപ്പം ഇന്ത്യന്‍ ടീമിലെ ഒന്നാം നമ്പര്‍ താരമാണ് ഷമി. മതത്തിന്റെ പേരില്‍ ഒരിക്കലും വ്യക്തിപരമായി താന്‍ ആരേയും വേര്‍തിരിച്ച് കാണാറില്ലെന്നും ചോദ്യത്തിന് മറുപടിയായി കോഹ്‌ലി പറഞ്ഞു.