117 രാജ്യങ്ങളുടെ കണക്കെടുത്ത ആഗോള പട്ടിക സൂചികയില്‍ ഇന്ത്യ 102ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ രാജ്യം കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാരിന്റെ ഭരണവീഴ്ചയുടെ മികച്ച ഉദാഹരണമാണ് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘2014ന് ശേഷം ഇന്ത്യന്‍ പട്ടിണി സൂചിക താഴേക്ക് പോയി 117ല്‍ 102ാം സ്ഥാനത്തെത്തി. സര്‍ക്കാര്‍ പദ്ധതികളുടെ വീഴ്ചയും പരാജയവുമാണ് ഇത് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ സബ്കാ വികാസ് പദ്ധതിയും ഫലപ്രദമായില്ല എന്നുവേണം മനസിലാക്കാന്‍’, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. 117 രാജ്യങ്ങളുടെ പട്ടികയില്‍ 102ാമതായാണ് ഇന്ത്യയുടെ സ്ഥാനം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടിണി ഏറ്റവുമധികം അനുഭവപ്പെടുന്ന 117ാമത്തെ രാജ്യം.
ആഗോള തലത്തിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, ശൈശവ മരണം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്ന ഘടകങ്ങള്‍.
കഴിഞ്ഞ തവണ കണക്കെടുത്തപ്പോള്‍ ഇന്ത്യയേക്കാള്‍ പിന്നിലായിരുന്ന പാകിസ്താന്‍ ഇത്തവണ 94ാം സ്ഥാനത്തെത്തിയിട്ടുണ്ട്. 25ാമതായാണ് ചൈന നിലയുറപ്പിച്ചിരിക്കുന്നത്. പട്ടിണി കൂടുന്നതനുസരിച്ച് റാങ്കില്‍ പിന്നോക്കമാവും.
ജര്‍മ്മന്‍ സംഘടനയായ വെല്‍ത് ഹങ്കര്‍ഹില്‍ഫ്, ഐറിഷ് സംഘടന കണ്‍സേണ്‍ വേള്‍ഡ് വൈഡും ചേര്‍ന്നാണ് സൂചിക തയ്യാറാക്കിയത്.
പോഷകാഹാരക്കുറവ് അധികമുള്ള രാജ്യമാണ് ഇന്ത്യയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി വിജയം കാണാത്തതിന്റെ ലക്ഷണമാണ് ആഗോള പട്ടിക സൂചികയില്‍ ഇന്ത്യയുടെ റാങ്കെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ