ന്യൂദല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി 3000 കോടി രൂപ മോഷ്ടിച്ച് റിലയന്‍സ് മേധാവി അനില്‍ അംബാനിക്ക് നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു.
അനില്‍ അംബാനിക്ക് കരാര്‍ നല്‍കാനായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. പ്രധാനമന്ത്രി 3000 കോടി രൂപ മോഷ്ടിച്ചതിനു തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കള്ളം പറഞ്ഞു. നരേന്ദ്രമോദിയും കളളം പറഞ്ഞു. ഒരേസമയം കള്ളനും കാവല്‍ക്കാരനും കളിക്കുകയാണ് പ്രധാനമന്ത്രി.
Also read:രണ്ട് മാസം കൊണ്ട് പ്രിയങ്കയില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കരുത്: രാഹുല്‍ഗാന്ധി
ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ഇന്ത്യന്‍ സംഘവുമായി ആലോചന നടത്താതെ ഫ്രാന്‍സുമായി മാത്രം ആലോചന നടത്തുകയാണ് ചെയ്തത്. മോദി നേരിട്ട് ചര്‍ച്ച നടത്തിയെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ ശരിയെന്ന് തെളിഞ്ഞെന്നും രാഹുല്‍ പറഞ്ഞു.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റഫാലില്‍ ചര്‍ച്ച നടത്തിയതെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യന്‍ താല്‍പ്പര്യത്തിന് വിരുദ്ധമായി കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് കാണിച്ച് പ്രതിരോധമന്ത്രാലയ സെക്രട്ടറി പ്രതിരോധമന്ത്രിയ്ക്ക് അയച്ച കത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ സ്വന്തം കൈപ്പടയിലാണ് കുറിപ്പ് തയ്യാറാക്കിയത്. ഇത് സംബന്ധിച്ച് 2015 നവംബര്‍ 24 ന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.