കർഷകർക്കും തൊഴിലാളികൾക്കും മന്ത്രിമാർക്കും ഭയം ; സർവമേഖലകളിലും ഭയം; മോദിക്കെതിരെ രാഹുൽ ഗാന്ധി
national news
കർഷകർക്കും തൊഴിലാളികൾക്കും മന്ത്രിമാർക്കും ഭയം ; സർവമേഖലകളിലും ഭയം; മോദിക്കെതിരെ രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2024, 4:53 pm
ഇന്ത്യയിൽ ഭയത്തിൻ്റെ അന്തരീക്ഷമുണ്ട്, ആ ഭയം നമ്മുടെ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്നു. പ്രശ്നം ബി.ജെ.പിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രിയാകാൻ അനുവാദമുള്ളൂ എന്നതാണ്.

ന്യൂദൽഹി: 2024 കേന്ദ്ര ബജറ്റ് ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിൽ നിലനിൽക്കുന്നത് ഭയത്തിന്റെ അന്തരീക്ഷമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരും തൊഴിലാളികളും മന്ത്രിമാരും ഭയത്തോടെയാണ് ജീവിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരാമർശം.

‘ഇന്ത്യയിൽ ഭയത്തിൻ്റെ അന്തരീക്ഷമുണ്ട്, ആ ഭയം നമ്മുടെ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്നു. പ്രശ്നം ബി.ജെ.പിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രിയാകാൻ അനുവാദമുള്ളൂ എന്നതാണ്. ഈ ഭയം രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നു. മന്ത്രിമാർ ഭയക്കുന്നു, കർഷകർ ഭയക്കുന്നു, തൊഴിലാളികൾ ഭയക്കുന്നു. എന്തുകൊണ്ടാണ് ഈ ഭയം ഇത്ര ആഴത്തിൽ പടരുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കർഷകരെ അവഗണിക്കുന്ന നിലപാടാണ് മോദിയുടേത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രാഹുൽ പറഞ്ഞു. എൻ.ഡി.എ ചെയ്യാത്ത കാര്യങ്ങൾ തങ്ങൾ കർഷകർക്കുവേണ്ടി ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘ ഞാൻ രാജ്യത്തെ കർഷകരോട് പറയുന്നു. എൻ.ഡി.എ നിങ്ങൾക്ക് തരാത്തത് ഞങ്ങൾ നൽകുഎം. കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം താങ്ങു വില ഞങ്ങൾ ഉറപ്പാക്കും. ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. എം.എസ്‌.പി ക്കുള്ള ബിൽ ഞങ്ങൾ സഭയിൽ പാസാക്കും. ഈ ബജറ്റിന് മുമ്പ് മധ്യവർഗം പ്രധാനമന്ത്രി മോദിയെ പിന്തുണച്ചിരുന്നു. അവർ അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കൊവിഡ് സമയത്ത് പ്ലേറ്റുകൾ കൊട്ടി. മോദിയുടെ നിർദേശങ്ങൾ അവർ അനുസരിക്കുന്നു. എന്നാൽ ഈ ബജറ്റിലൂടെ കേന്ദ്രം അവർക്കെതിരെയും കുത്തി,’ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുന്നുവെന്നും. ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും അടക്കമുള്ള ആറ് പേരാണെന്നും രാഹുല്‍ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു.

Content Highlight: Rahul Gandhi attacks BJP in Lok Sabha