പാർലമെന്റ് പരിസരത്ത് മാധ്യമങ്ങൾക്ക് വിലക്ക്; വിഷയം സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി
national news
പാർലമെന്റ് പരിസരത്ത് മാധ്യമങ്ങൾക്ക് വിലക്ക്; വിഷയം സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2024, 5:49 pm
എന്നാൽ ഈ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ, ഈ കാര്യം പാർലമെന്റിൽ ഉന്നയിക്കേണ്ടെന്നും, തന്നെ വന്നു കാണാനുമായിരുന്നു സ്‌പീക്കറുടെ മറുപടി.

ന്യൂദൽഹി: പാർലമെന്റ് പരിസരത്ത് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് രാഹുൽ ഗാന്ധി. പാർലമെന്റിലേക്കുള്ള പ്രധാന കവാടത്തിനടുത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്നത് വിലക്കിയിട്ടുണ്ട്. പഴയ രാജ്യസഭയുടെ സമീപത്തെ ഗ്ലാസ് കൊണ്ട് വേർതിരിച്ച സ്ഥലത്തേക്കാണ് മാധ്യമ പ്രവർത്തകരെ മാറ്റിയത്. ഇതിനെ തുടർന്ന് മാധ്യമ പ്രവർത്തകർ പ്രതിഷേധം അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധി പാർലമെന്റിനകത്തു വെച്ച് മാധ്യമങ്ങളെ കണ്ടതാണ് ഇത്തരത്തിലൊരു നീക്കത്തിന് കാരണമെന്നാണ് സൂചന. നേരത്തെ തന്നെ അത്തരത്തിലൊരു വിലക്കുണ്ടെന്നാണ് സ്‌പീക്കറുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.

എന്നാൽ ഈ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ, ഈ കാര്യം പാർലമെന്റിൽ ഉന്നയിക്കേണ്ടെന്നും, തന്നെ വന്നു കാണാനുമായിരുന്നു സ്‌പീക്കറുടെ മറുപടി.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം വന്‍കിട വ്യവസായികളുടെ കുത്തക ശക്തിപ്പെടുത്താന്‍ ഉള്ളതാണെന്നും രാഹുല്‍ പറയുകയുണ്ടായി. ജാതി സെന്‍സസിനെ കേന്ദ്ര സര്‍ക്കാര്‍ പേടിക്കുകയാണെന്നും രാജ്യത്തെ ദളിത്-പിന്നോക്ക വിഭാഗത്തെ കേന്ദ്ര ബജറ്റ് അവഗണിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തിയിരുന്നു. നിങ്ങള്‍ക്ക് സഭാ നിയമങ്ങള്‍ അറിയില്ലേ എന്ന ചോദ്യമുയര്‍ത്തിയാണ് റിജിജു രാഹുലിനെ വിമര്‍ശിച്ചത്. രാഹുല്‍ ലോക്‌സഭാ സ്പീക്കറെ വെല്ലുവിളിക്കുകയാണെന്നും റിജുജു പറഞ്ഞു.

Content Highlight: Rahul Gandhi attacks BJP in Lok Sabha