ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ കഴിഞ്ഞ ആറുവര്‍ഷങ്ങളിലായി സ്വീകരിച്ച നയങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമീപ കാലങ്ങളിലായി ചൈന ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നതിന്റെ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധി പുറത്തിറക്കിയ വീഡിയോയിലാണ് വിമര്‍ശനങ്ങളുള്ളത്.
ഇന്ത്യയുടെ വിദേശനയം മുതല്‍ സമ്പദ് വ്യവസ്ഥ വരെയുള്ള കാര്യങ്ങള്‍, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവ ആറ് വര്‍ഷത്തെ ഭരണം കൊണ്ട് മോദി സര്‍ക്കാര്‍ അലങ്കോലമാക്കി. ഇപ്പോഴുള്ള ചൈനീസ് തിരിച്ചടിക്ക് ഇക്കാലയളവിലെ നയങ്ങള്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം.
‘2014 മുതല്‍ പ്രധാനമന്ത്രി നടത്തിയ വിവേചനമില്ലാത്ത പരാമര്‍ശങ്ങളും നീക്കങ്ങളും അടിസ്ഥാനപരമായി രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും ജനങ്ങളെ കരുതലില്ലായ്മയിലേക്ക് തള്ളിവിടുകയും ചെയ്തു. ഭൗമരാഷ്ട്രീയ ലോകത്ത് ശൂന്യമായ വാക്കുകള്‍ കൊണ്ട് പ്രയോജനമൊന്നുമില്ല’, രാഹുല്‍ പറഞ്ഞു.
‘ചൈനയെ ഇത്രകണ്ട് അക്രമോത്സുകരാക്കാന്‍ പ്രേരിപ്പിച്ച ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ കാര്യമെന്താണ്? ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിനെതിരെ ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നതിലേക്ക് ചൈനയെ നയിച്ച ആ നിമിഷമേതാണ്?’, അദ്ദേഹം വീഡിയോയില്‍ ചോദിച്ചു.
ഒരു രാജ്യത്തെ സംരക്ഷിക്കുന്നത് അതിന്റെ വിദേശ ബന്ധങ്ങള്‍, സമ്പചദ് വ്യവസ്ഥ, അയല്‍ബന്ധങ്ങള്‍, ജനവികാരം എന്നിവയാണ്. കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി ഇവയിലോരോന്നും അസ്വസ്ഥമാവുകയും തകര്‍ക്കപ്പെടുകയുമാണ് ഇന്ത്യയിലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാരിന്റെ വിദേശ നയങ്ങളെക്കുറിച്ച് സംസാരിച്ച രാഹുല്‍ ഗാന്ധി, നേരത്തെ ഇന്ത്യയ്ക്ക് മേരിക്കയുമായും റഷ്യയുമായും തന്ത്രപരമായ പങ്കാളിത്തമുണ്ടായിരുന്നെന്നും അവ ഇപ്പോള്‍ വെറും ഇടപാട് ബന്ധമായി മാറിയിരിക്കുകയാണെന്നും പറഞ്ഞു.
നേരത്തെ ഈ ബന്ധങ്ങളുടെ പിന്‍ബലത്തോടെ ഇന്ത്യയ്ക്ക് ജിയോ പൊളിറ്റിക്‌സില്‍ തന്ത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പങ്കാളിത്തങ്ങളിലൊന്നും നയപരമായ സമീപനം ഇന്ത്യയ്ക്കില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളോട് ഇന്ത്യയ്ക്ക് നേരത്തെ സൗഹൃദപരമായ സമീപനമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അവരെയെല്ലാം പ്രകോപിപ്പിക്കാനാണ് മോദി സര്‍ക്കാരിന് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
‘ലോക നിലവാരത്തില്‍ നമ്മുടെ സമ്പദ് വ്യവസ്ഥ അഭിമാനിക്കാവുന്ന വളര്‍ച്ചയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും മോശം സാമ്പത്തിക തകര്‍ച്ചയിലാണ് രാജ്യം ഇപ്പോഴുള്ളത്. തൊഴിലില്ലായ്്മ 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സാമ്പത്തിക രംഗം ഒരു സമ്പൂര്‍ണ ദുരന്തമായി കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്’, രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
സമ്പദ് വ്യവസ്ഥയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വലിയ പ്രോത്സാഹനം ആവശ്യമാണെന്ന് ഞങ്ങള്‍ നിരവധിത്തവണ ആവശ്യപ്പെട്ടതാണ്. സമ്പദ് വ്യവസ്ഥയെ ഉണര്‍ത്തുക, ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കുക തുടങ്ങിയനിര്‍ദ്ദേശങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ദാരുണമായ സാമ്പദ് വ്യവസ്ഥയും പരാജയപ്പെട്ട വിദേശനയങ്ങളും അയല്‍രാജ്യങ്ങളുമായുള്ള ഇടച്ചിലുമുള്ള ഇന്ത്യയില്‍ കടന്നുകയറി പ്രവര്‍ത്തിക്കാനുള്ള ഏറ്റവും നല്ല സമയമാണ് ഇത് ചൈനയ്ക്ക് തോന്നിക്കാണുമായിരിക്കും എന്നും രാഹുല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക