| Tuesday, 15th September 2020, 11:15 am

നിങ്ങള്‍ എണ്ണുന്നില്ലെന്നതിന് അര്‍ത്ഥം ആരും മരിക്കില്ലെന്നാണോ?; കുടിയേറ്റ തൊഴിലാളികളുടെ മരണക്കണക്ക് കേന്ദ്രത്തിന്റെ കയ്യലില്ലെന്ന വാദത്തില്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലവതരിപ്പിച്ച കണക്കിനെതിരെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. കുടിയേറ്റ തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കയ്യില്‍ ഒരു കണക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷന്‍ ആരംഭിച്ചപ്പോള്‍ കൊവിഡ് ബാധിച്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കയ്യില്‍ യാതൊരു രേഖയുമില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍ പറഞ്ഞിരുന്നു.

‘ ലോക്ക്ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നതിനെ സംബന്ധിച്ചോ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നതിനെ സംബന്ധിച്ചോ മോദി സര്‍ക്കാരിന്റെ കയ്യില്‍ ഒരു കണക്കുമില്ല. നിങ്ങള്‍ എണ്ണുന്നില്ലാ എന്ന് കരുതി ഇവിടെ ആരും മരിക്കില്ലെന്നാണോ? ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ ഈ സര്‍ക്കാരിന് ഒരു ശ്രദ്ധയുമില്ലെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. അവര്‍ മരിക്കുന്നത് ഈ ലോകം മുഴുവന്‍ കണ്ടതാണ്. മോദി സര്‍ക്കാരിന് മാത്രം ഒന്നും അറിയില്ല,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കൊവിഡിനെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതില്‍ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ട് തിരികെ പോയത്. പലരും കീലോമീറ്ററുകള്‍ താണ്ടി തങ്ങളുടെ നാടെത്തുന്നതിന് മുമ്പ് മരിച്ച് വീഴുകയും ചെയ്തിരുന്നു.

കൊവിഡ് കാലത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി നേരത്തെയും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

മെയ് മാസത്തില്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയിലെ തെരുവുകളില്‍ താമസിച്ചിരുന്ന കുടിയേറ്റ തൊഴിലാളികളെ സന്ദര്‍ശിക്കുകയും അവരുടെ അടുത്ത് ചെന്ന് നേരിട്ട് കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ ട്രെയിന്‍ സര്‍വീസും നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi attacked on centre’s report on migrant’s death

Latest Stories

We use cookies to give you the best possible experience. Learn more