വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനക്ക് പിന്തുണ ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി
Kerala News
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനക്ക് പിന്തുണ ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th August 2023, 6:57 pm

 

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ഹര്‍ഷിന. താന്‍ കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കത്തയക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഹര്‍ഷിന പറഞ്ഞു.

‘ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്, അദ്ദേഹം എല്ലാം കേട്ടു. മുഖ്യമന്ത്രിക്ക് കത്തയക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് തന്നിട്ടുണ്ട്, ‘ ഹര്‍ഷിന പറഞ്ഞു.

നീതി കിട്ടിയതിന് ശേഷം മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂവെന്നും അതിനായി ഏതറ്റം വരെ പോകേണ്ടി വന്നാലും പോകുമെന്നും ഹര്‍ഷിന പറഞ്ഞു.

‘ഇതുവരെ സത്യാഗ്രഹ സമരുവുമായാണ് മുന്നോട്ട് പോയത്, നീതി കിട്ടിയാല്‍ മാത്രമേ പിന്‍മാറുകയുള്ളൂ. നീതിക്കായി ഏതറ്റം വരെയും ഏത് രൂപത്തില്‍ പോകേണ്ടി വന്നാലും പോകാനാണ് തീരുമാനം. പൊലീസ് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്, ഇനി ഒരു മെഡിക്കല്‍ ബോര്‍ഡ് കൂടി ചേരും. ഇനി അവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും റിപ്പോര്‍ട്ടില്‍ കോടതിയില്‍ പോകാന്‍ തന്നെയാണ് തീരുമാനം. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മെഡിക്കല്‍ ബോര്‍ഡ് അതിവിദഗ്ധമായി അത് തള്ളിയിരിക്കുകയാണ്. ഒരടിസ്ഥാനവുമില്ലാതെയാണ് തള്ളിയിരിക്കുന്നത്,’ അവര്‍ പറഞ്ഞു.

തനിക്ക് നീതി ലഭിക്കണമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും അത് പ്രവര്‍ത്തിയില്‍ കാണുന്നില്ലെന്നും എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നും ഹര്‍ഷിന ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 17 ആകുമ്പോള്‍ തന്റെ വയറ്റില്‍ നിന്നും കത്രിക എടുത്തിട്ട് ഒരു വര്‍ഷമാകുമെന്നും ഇപ്പോഴും താന്‍ നീതിക്കായി തെരുവിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഹര്‍ഷിന പറഞ്ഞത് ന്യായമാണ്, നീതി ലഭിക്കണമെന്ന് മന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അത് സത്യസന്ധമാണെങ്കില്‍ എത്രയും പെട്ടെന്ന് നടപടി എടുത്ത് ഞങ്ങള്‍ക്ക് നീതി ഉറപ്പാക്കണം. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നമുക്ക് അനുകൂലമായ റിപ്പോര്‍ട്ടോ നീതിയോ ഉണ്ടായിട്ടില്ല. ആരോഗ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുകയെന്നല്ലാതെ അത് പ്രവര്‍ത്തിയില്‍ കാണുന്നില്ല, അത് പ്രവര്‍ത്തിയില്‍ കാണിക്കണം. 84-ാം ദിവസമാണിത്. ഇത്രയും ദിവസം ഇരിക്കുകയെന്നാല്‍ മൂന്ന് കുട്ടികളുടെ അമ്മയായ എനിക്ക് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് സാധാരണക്കാര്‍ക്ക് ചിന്തിച്ചാല്‍ മനസിലാകും. എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം. സെപ്റ്റംബര്‍ 17 ആയാല്‍ എന്റെ വയറ്റില്‍ നിന്നും കത്രിക എടുത്തിട്ട് ഒരു വര്‍ഷമാകും. ഇപ്പോഴും ഞാന്‍ നീതിക്കായി തെരുവിലാണ്,’ഹര്‍ഷിന പറഞ്ഞു.

Content Highlights: Rahul Gandhi assured support to Harshina