| Saturday, 8th June 2019, 10:27 am

രാഹുല്‍ പ്രതിനിധി സംഘങ്ങളുമായുള്ള കൂടികാഴ്ച്ചക്കായി കളക്ട്രറ്റില്‍; നിവേദനങ്ങള്‍ സ്വീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതിനിധി സംഘങ്ങളുമായുള്ള കൂടികാഴ്ച്ചക്കായി വയനാട് കളക്ട്രേറ്റില്‍ എത്തി.രാവിലെ ഒന്‍പത് മണിയോടാണ് കല്‍പറ്റ റെസ്റ്റ് ഹൗസില്‍ നിന്നും കളക്ട്രേറ്റിലെത്തിയത്. തുടര്‍ന്ന് വിവിധ സംഘങ്ങളില്‍ നിന്നും നിവേദനം സ്വീകരിച്ചു. രാഹുലിന്റെ മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ രണ്ടാമത്തെ ദിവസമാണിന്ന് .

ഇന്ന് ആറ് ഇടങ്ങളില്‍ രാഹുല്‍ റോഡ് ഷോ നടത്തും. പത്ത് മണിയോടെ കല്‍പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്താണ് ആദ്യ റോഡ് ഷോ. തുടര്‍ന്ന് കമ്പളക്കാട്, പനമരം മാനന്തവാടി, പുല്‍പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങില്‍ വോട്ടര്‍മാരെ കാണാനെത്തും.

ഇന്നലെ കേരളത്തില്‍ എത്തിയ രാഹുലിന് മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ ആയിരുന്നു ആദ്യ സ്വീകരണം, വാഹനത്തില്‍ നിന്നും ഇറങ്ങി ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി. രാഹുല്‍ എത്തിയപ്പോള്‍ മണ്ഡലത്തില്‍ ഉടനീളം കോരിച്ചൊരിയുന്ന മഴയായിരുന്നു. മഴ സ്വീകരണ കേന്ദ്രത്തിലെ പങ്കാളിത്തത്തെ ബാധിച്ചതേയില്ല. കാളികാവിലും വന്‍ജനപങ്കാളിത്തമാണ് സ്വീകരണത്തിനുണ്ടായിരുന്നത്.

വയനാടിനെ മാത്രമല്ല കേരളത്തെ മൊത്തം പ്രതിനിധീകരിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്ന രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. കേരളത്തിന്റെ അവസ്ഥ കൂടുതല്‍ അറിഞ്ഞും മനസിലാക്കിയും പ്രവര്‍ത്തിക്കുമെന്നും ഇത്രയും ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ പദവിയില്‍ തുടരുമോ എന്ന സംശയം നിലനില്‍ക്കേ വയനാട്ടിലെത്തിയ രാഹുലിനോട് സ്ഥാനത്ത് നിന്നും മാറരുതെന്ന സന്ദേശമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ‘ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്’, ‘ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’, ‘രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്’ എന്നെല്ലാം എഴുതിയ പോസ്റ്ററുകള്‍ നിരവധി പ്രവര്‍ത്തകര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ഉയര്‍ത്തി. എല്ലാ കേന്ദ്രങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ ധാരാളമായി പ്രവര്‍ത്തകര്‍ കൈയ്യിലേന്തിയിട്ടുണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more