| Wednesday, 12th June 2019, 8:50 pm

വായു ചുഴലിക്കാറ്റ്: ജനങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തയ്യാറായിരിക്കാന്‍ രാഹുല്‍ ഗാന്ധി; മുംബൈയില്‍ ഒരു മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചുഴലിക്കാറ്റില്‍ എല്ലാവരും സുരക്ഷിതരായിരിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു.

‘വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സഹായം ലഭ്യമാക്കാന്‍ തയ്യാറായിരിക്കാന്‍ ഞാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ആവശ്യപ്പെടുകയാണ്. ചുഴലിക്കാറ്റിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്തിലെ സൗരാഷ്ട്ര, കുച്ച് മേഖലകളില്‍ വ്യാഴാഴ്ച്ച അതിശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലക്ഷണക്കണക്കിന് ആളുകളെ ഈ മേഖലയില്‍ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീരദേശ നഗരങ്ങളിലേക്കുള്ള സാധാരണ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

അതേസമയം, മുംബൈയില്‍ വായു ചുഴലിക്കാറ്റില്‍ ഹോര്‍ഡിങ് തകര്‍ന്ന് വീണ് 62കാരന്‍ മരിച്ചു. മധുകര്‍ നര്‍വേകര്‍ എന്ന കാല്‍നട യാത്രികനാണ് മരിച്ചത്.

ചര്‍ച്ച് ഗേറ്റ് റെയില്‍വെ സ്റ്റേഷന് സമീപത്ത് കൂടി നടന്നുപോകുമ്പോള്‍ 81 അടി നീളവും 54 അടി വീതിയുമുള്ള മഹാത്മാ ഗാന്ധിയുടെ കൂറ്റന്‍ മ്യൂറല്‍ പെയിന്റിങിന്റെ ക്ലാഡിങ് മധുകറിന്റെ ദേഹത്ത് വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

We use cookies to give you the best possible experience. Learn more