ന്യൂദല്‍ഹി: റാഫേല്‍ കേസില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞു.
ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ) എന്ന് താന്‍ പറയുന്ന കാര്യം സുപ്രീംകോടതിയും സമ്മതിച്ചുവെന്ന് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞതിനാണ് മാപ്പ് പറഞ്ഞത്.
റാഫേല്‍ കരാറില്‍ പുറത്തു വന്ന രേഖകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയത്തായിരുന്നു രാഹുലിന്റെ പരാമര്‍ശം.
കാവല്‍ക്കാരന്‍ കള്ളനാണെന്നു സുപ്രീംകോടതി കണ്ടെത്തിയതായി രാഹുല്‍ പറഞ്ഞുവെന്ന് കേസ് കൊടുത്ത മീനാക്ഷി ലേഖിയുടെ അഭിഭാഷക രുചി കോഹ്‌ലി കോടതിയില്‍ പറഞ്ഞു. നേരത്തേ സുപ്രീംകോടതിയില്‍ രാഹുല്‍ നല്‍കിയ സത്യവാങ്മൂലം ഖേദപ്രകടനം മാത്രമാണെന്നും അത് മാപ്പ് പറച്ചിലല്ലെന്നും അഭിഭാഷക പറഞ്ഞു.
എന്നാല്‍ എതിര്‍ കക്ഷികള്‍ സത്യവാങ്മൂലം വികലമാക്കിയാണ് അവതരിപ്പിച്ചതെന്ന് രാഹുലിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി പറഞ്ഞു. രാഹുലിന്റെ ഖേദ പ്രകടനം താന്‍ ആവര്‍ത്തിക്കുകയാണെന്നും സിങ്‌വി പറഞ്ഞു.
രാഹുലിന്റെ ഖേദപ്രകടനം മനു അഭ്‌ഷേക് സിങ്വി കോടതിയെ അറിയിച്ചെങ്കിലും ഖേദ പ്രകടനം പോര മാപ്പ് പറയണമെന്ന് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ഖേദപ്രകടനവും മാപ്പ് പറയലും ഒന്നാണെന്ന് സിങ്‌വി വ്യക്തമാക്കി. എന്നാല്‍ രേഖാമൂലം രാഹുല്‍ മാപ്പപേക്ഷ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.