|

കാര്‍ഷിക ബില്‍ അവതരിപ്പിച്ചപ്പോള്‍ എവിടെയായിരുന്നു? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്യാല: കാര്‍ഷികബില്ലിനെതിരെ പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. കാര്‍ഷികബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സമയത്ത് എവിടെയായിരുന്നെന്നും വിദേശത്ത് വിനോദയാത്രക്ക് പോയതാണെന്നുമടക്കമുള്ള നിരവധി ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാക്കളടക്കമുള്ളവര്‍ ഉയര്‍ത്തിയിരുന്നത്.

എന്നാല്‍ സോണിയ ഗാന്ധിയുടെ ചികിത്സക്കായി യു.എസിലേക്ക് പോകേണ്ടി വന്നതിനാല്‍ മാത്രമാണ് ആ സമയത്ത് രാജ്യത്ത് ഉണ്ടാകാതിരുന്നതെന്ന് മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. ‘അമ്മയുടെ ചികിത്സയ്ക്കായി യു.എസില്‍ പോകേണ്ടി വന്നു. ഓഫിസില്‍ ചിലര്‍ക്കു കൊവിഡ് വന്നതു കൊണ്ട് സഹോദരിക്ക് അമ്മയോടൊപ്പം പോകാന്‍ പറ്റുമായിരുന്നില്ല.’ രാഹുല്‍ പറഞ്ഞു.

കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു. രാജ്യത്തു നന്നായി നടന്നു വന്ന ഭക്ഷ്യ സുരക്ഷാ സംവിധാനമുണ്ട്, താങ്ങുവിലയുണ്ട്, വിതരണ സംവിധാനമുണ്ട്, ചന്തകളുണ്ട്. ഇതൊക്കെ തകര്‍ക്കുകയാണ് മോദിയുടെ ലക്ഷ്യം. നോട്ടു നിരോധനം വഴി സാധാരണക്കാരെ തകര്‍ത്തു, ചരക്കു സേവന നികുതി വഴി ചെറുകിട വ്യവസായികളെ തകര്‍ത്തു, ലോക്ഡൗണ്‍ പ്രഖ്യാപിച്ച് തൊഴിലാളികളെ തകര്‍ത്തു, ഇനി കാര്‍ഷിക മേഖല കൂടി തകര്‍ക്കണം. അംബാനിയും അദാനിയും മോദിയും മാത്രം മതി എന്നതാണ് ബി.ജെ.പി നിലപാടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പ്രതിപക്ഷം നിര്‍ജീവമാണെന്ന ആരോപണങ്ങളോടും രാഹുല്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചു. ‘ഏതു രാജ്യത്തും പ്രതിപക്ഷത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചട്ടക്കൂടുണ്ടാകും. ഇവിടെ അവ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരിക്കുന്നു. സ്വതന്ത്രമായ മാധ്യമങ്ങളും സ്ഥാപനങ്ങളുമുള്ള അന്തരീക്ഷമുണ്ടാകട്ടെ, ഈ സര്‍ക്കാര്‍ അധികകാലം നില്‍ക്കില്ലെന്നു ഞാന്‍ കാണിച്ചു തരാം.’

കാര്‍ഷിക ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഖേതി ബച്ചാവോ യാത്ര ഹരിയാനയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തി പാലത്തില്‍ വെച്ച് ഹരിയാന പൊലീസ് റാലി തടഞ്ഞെങ്കിലും പിന്നീട് പ്രവേശനാനുമതി നല്‍കുയായിരുന്നു. ഹരിയാനയിലേക്ക് പ്രവേശിക്കാന്‍ എത്ര സമയം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇതിനിടെ റാലിയില്‍ രാഹുല്‍ ട്രാക്ടര്‍ ഓടിച്ചതും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസത്തെ റാലിയില്‍ രാഹുലിന്റെ പഞ്ചാബിലെ ട്രാക്ടര്‍ യാത്രയെ ബി.ജെ.പി വിമര്‍ശിച്ചിരുന്നു. ട്രാക്ടറില്‍ രാഹുല്‍ സോഫയിലിരിക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. സോഫയിലിരിക്കുന്ന വി.ഐ.പി കര്‍ഷകനാണ് രാഹുലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു ഇതിനൊരു മറുപടി കൂടിയായാണ് രാഹുലിന്റെ ട്രാക്ടര്‍ ഡ്രൈവിംഗെന്നാണ് നിരീക്ഷണം.

‘8000 കോടി രൂപ ചെലവിട്ടു പുതിയ വിമാനം വാങ്ങിയതിനെക്കുറിച്ചു പ്രധാനമന്ത്രിയോടു നിങ്ങള്‍ ചോദിച്ചോ? ഡൊണാള്‍ഡ് ട്രംപിന് ഉള്ളതിനാല്‍ തനിക്കും വിമാനം വേണം എന്നാണു മോദിക്ക്. അതേക്കുറിച്ചു ചോദ്യമില്ല, ട്രാക്ടറില്‍ കുഷ്യന്‍ വച്ചതാണ് പ്രശ്‌നം!’ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയാനയില്‍ രണ്ടു റാലികളാണ് ഖേതി ബച്ചാവോയുടെ ഭാഗമായി രാഹുല്‍ നടത്തുന്നത്. രാജ്യത്ത് നിലവിലുള്ള കാര്‍ഷികഘടനയെ നശിപ്പിക്കുകയും പഞ്ചാബിനെയും ഹരിയാനയെയും ഏറ്റവും കൂടുതല്‍ ബാധിക്കുകയും ചെയ്യുന്ന ഇരുണ്ട നിയമങ്ങള്‍ക്ക് എതിരായാണ് ഖേതി ബച്ചാവോ യാത്ര എന്ന് പഞ്ചാബിലെ റാലിക്കിടയില്‍ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi answers to why he was not in India while the Farm bill was not in India

Video Stories