ബെംഗളൂരു: കര്‍ണാടക പിടിക്കാനുള്ള ലക്ഷ്യവുമായി മറ്റൊരു വമ്പന്‍ പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ്. അധികാരത്തിലേറുന്ന പക്ഷം യുവാക്കള്‍ക്കായി യുവ നിധി പദ്ധതി നടപ്പിലാക്കുമെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. തൊഴിലില്ലായ്മയില്‍ വലയുന്ന യുവാക്കള്‍ക്ക് സഹായ ധനമെന്നോണം തൊഴിലില്ലായ്മ വേതനം നല്‍കുന്ന പദ്ധതിയാണിത്.
ഈ പദ്ധതി നടപ്പിലാവുകയാണെങ്കില്‍ വിദ്യാസമ്പന്നരും എന്നാല്‍ തൊഴില്‍ രഹിതരുമായ യുവജനങ്ങള്‍ക്ക് പ്രതിമാസം തൊഴിലില്ലായ്മ വേതനം ലഭിക്കും. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് 3000 രൂപയും ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 1500 രൂപയുമാണ് യുവ നിധിയില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം.
അധികാരത്തിലേറി ആദ്യത്തെ രണ്ട് വര്‍ഷമാണ് യുവ നിധി പ്രകാരം യുവജനങ്ങള്‍ക്ക് തൊഴിലില്ലായ്മ വേതനം ലഭിക്കുക.
ബെലഗാവിയില്‍ വെച്ച് നടന്ന പരിപാടിയില്‍ യുവജനങ്ങള്‍ക്കായി തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനവും തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുകയാണെന്നും അവരുടെ ഭാവി ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ യുവജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഞാന്‍ കര്‍ണാടകയില്‍ പര്യടനം നടത്തിയപ്പോള്‍ തൊഴിലില്ലായ്മയാണ് യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഞാന്‍ മനസിലാക്കി. ആയിരത്തിലധികം വരുന്ന യുവതീയുവാക്കളുമായി ഞാന്‍ സംസാരിച്ചപ്പോള്‍ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ തൊഴില്‍ പ്രതിസന്ധി ഉടലെടുത്തപ്പോള്‍ മിണ്ടാതെ നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവരെന്നോട് പറഞ്ഞു.
ഈ വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ യുവാക്കള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തില്‍ പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ എനിക്ക് സാധിക്കും. അധികാരത്തിലെത്തിയാല്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുമെന്നും ഉറപ്പുനല്‍കുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തെ, തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ ലഭിക്കുന്ന പദ്ധതി, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പത്ത് കിലോഗ്രാം അരി, എല്ലാ കുടുംബങ്ങള്‍ക്കും ആദ്യ 200 വാട്ട് വരെ സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളും തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരുന്നു.
യുവാക്കളേയും കുടുംബങ്ങളേയും ഒരുമിച്ചുനിര്‍ത്താനുള്ള ശ്രമമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളിലൂടെ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
Content Highlight: Rahul Gandhi announces Unemployment allowance for youth as Congress’s fourth poll promise in Karnataka