രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും ഇന്ത്യയില്‍ തോല്‍പ്പിക്കുന്നത് കോണ്‍ഗ്രസ്സുകാരാണ് എന്നത് ഒരു അതി വായനയായി തോന്നിയേക്കാമെങ്കിലും, സത്യം അതാണ്. പ്രത്യേകിച്ച്, കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ച ബെന്നി ബഹനാന്‍, മാത്യു കുഴല്‍നാടന്‍ – മുതലുള്ളവരുടെ ഭാഷ, ശൈലി, രാഷ്ട്രീയ നീതീകരണം – ഇവ ശ്രദ്ധയോടെ കേട്ടു നോക്കൂ.
ഒരു സംഘ് അനുഭാവ ഗ്രൂപ്പ് ക്രൈസ്തവ സഭകളില്‍ രൂപപ്പെട്ട പോലെ, ചോര തിളക്കുന്ന മുസ്ലിം വിരുദ്ധത കോണ്‍ഗ്രസിലും രൂപപ്പെട്ടു വരുന്നുണ്ട്. ഇതാവട്ടെ, ഊഹങ്ങളെ അടിസ്ഥാനമാക്കി കെട്ടിപ്പൊക്കുന്ന മുസ്ലിം വിരുദ്ധതയുമാണ്. ഇത് ദലിത് വിരുദ്ധവും കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍, വ്യക്തിപരമായി ആനന്ദിക്കാനുള്ള അധികാരത്തിന്റെ ചെറിയ ചെറിയ പദവികള്‍ക്കപ്പുറം- രാഷ്ട്രം, പൗരനീതി തുടങ്ങി ജനാധിപത്യത്തിന്റെ ഭാവിയെ അലട്ടുന്ന ഒന്നും കോണ്‍ഗ്രസിന് വിഷയമല്ലാതായി മാറിയിട്ടുണ്ട്. എന്തുകൊണ്ട്?
ഏറെ അനുഭവ സമ്പത്തുള്ള വയോധികനായ ഒരു കോണ്‍ഗ്രസ്സുകാരന്‍ അല്‍പം ആത്മ നിന്ദ കലര്‍ത്തി പറഞ്ഞ ഒരു തമാശയുണ്ട്. കോണ്‍ഗ്രസ്സിന് എന്താണ് ഒരു ഹിന്ദുത്വ ചായ്വ് എന്ന ചോദ്യത്തിന് മറുപടിയായിരുന്നു, അത്.
നമ്മുടെ അക്ഷരമാലയില്‍ ‘വ്യഞ്ജനങ്ങള്‍’ക്കിടയില്‍ ഖരാക്ഷരം തുടങ്ങുമ്പോള്‍ ‘ക’ എന്ന അക്ഷരമുണ്ട്, അല്ലേ?
ഉണ്ട്.
ക.
ക എന്നു പറഞ്ഞാല്‍?
അദ്ദേഹം ചോദിച്ചു: ‘ക’ യില്‍ തുടങ്ങുന്ന രണ്ടു വാക്കുകള്‍ പറയൂ.
ജീവികളില്‍ ‘കാക്ക’. വസ്തുക്കളില്‍ ‘കണ്ണാടി’.
മൃദു മന്ദഹാസത്തോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു:
നിറങ്ങളില്‍ ‘കാവി ‘.
ഇനി
ഖ.
ഖ എന്നു പറഞ്ഞാല്‍?
അദ്ദേഹം ചോദിച്ചു:
‘ഖ’യില്‍ തുടങ്ങുന്ന രണ്ട് ഉദാഹരണങ്ങള്‍ പറയൂ:
ഖ.
ഖരം
ഖനിജം.
ഉത്തരം ശരിയാണ്, തൂവെള്ള ചിരിയോടെ അദ്ദേഹം ഒരു വാക്ക് കൂടി കൂട്ടിച്ചേര്‍ത്തു: വസ്ത്രങ്ങളില്‍ ‘ഖദര്‍’.
വളരെ ലളിതമായ ഒരു വിശദീകരണമായിരുന്നു അത്. മലയാള അക്ഷരമാലയില്‍ ‘ക’യ്ക്ക് തൊട്ടു നില്‍ക്കുന്നത് ‘ഖ’ ആണ്. കാവിയും ഖദറും.
എന്നാല്‍, കേവലമായ നര്‍മ്മോക്തി എന്നതിലപ്പുറം, ഇതിന് ഒരു മുഴക്കമുണ്ട്. വികസനം, ജനാധിപത്യം, ആധുനികത, തുല്യത – ഈ ആശയങ്ങള്‍ ഉയര്‍ത്തിപ്പിച്ച നെഹ്‌റുവിയന്‍ തുടര്‍ച്ച പിന്നീട് കോണ്‍ഗ്രസ് കൈയൊഴിയുന്നുണ്ട്. ഇന്ത്യയുടെ ആത്മാവ് ഗ്രാമത്തിലാണ് എന്നത് പോലെ ഹിന്ദുത്വത്തിന്റെ കൈവഴികളിലുമാണ് എന്ന് തിരിച്ചറിയുന്ന ഗാന്ധിജിയേയും കോണ്‍ഗ്രസ് കൈയൊഴിയുന്നു.
ഇന്ത്യയുടെ അടിസ്ഥാന പ്രമേയത്തെ അഭിമുഖീകരിച്ച രണ്ടു പേര്‍, ഗാന്ധിജിയും നെഹ്‌റുവും തുല്യ നിലയില്‍, ഇന്ത്യയുടെ ‘ആത്മാവി ‘നെയാണ് വീണ്ടെടുക്കാന്‍ ശ്രമിച്ചത്. ഈ വീണ്ടെടുക്കല്‍ പിന്നീട് ചില പ്രതീകങ്ങളില്‍ കോണ്‍ഗ്രസ് ചുരുക്കി. റോസാപ്പൂ ധരിച്ച കുട്ടികളുടെ ചാച്ച, ചര്‍ക്കയില്‍ നൂല്‍ നെയ്യുന്ന ഗാന്ധിയപ്പൂപ്പന്‍. ‘ചാച്ചയ്ക്കും അപ്പൂപ്പനു’മിടയിലെ ഈ പ്രതീക നിര്‍മ്മിതിയില്‍, ആശയങ്ങള്‍ക്കു വേണ്ടി തുടിക്കുന്ന യൗവന മുക്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറി. യുവാക്കളെ പ്രചോദിപ്പിക്കാത്ത ഒരു നേതൃനിര. വാസ്തവത്തില്‍ ‘ക’ യ്ക്കും ‘ഖ’യ്ക്കുമിടയിലെ ഒരു സമവായ നിര കൂടിയായിരുന്നു, അത്.
താഹ മാടായി എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം
ഈ വൃദ്ധ നിരയ്ക്കിടയിലാണ്, ഒരു സൂര്യ തേജസ് പോലെ രാഹുല്‍ കടന്നു വരുന്നത്. ഇടതുപക്ഷത്തെ സമാദരണീയനായ ഒരു വൃദ്ധന്‍ അദ്ദേഹത്തെ ‘അമൂല്‍ ബേബി’ എന്ന് ആക്ഷേപിച്ചു, തുടര്‍ച്ചയായി. നാം അതു കേട്ട് ചിരിച്ചു. രാഹുലിനെ പോലെ ഏകാകി ആരുണ്ട് ഇന്ത്യന്‍ ചരിത്രത്തില്‍? അലിവുള്ള, നെഹ്‌റുവിന്റെ ഈ പേരക്കിടാവ് അധികാരത്തില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന വയോധികരോടാണ് സംസാരിക്കുന്നത്.
ഈ ചതുരംഗത്തില്‍ ഒരോ നീക്കവും ദുഷ്‌കരമാണ് എന്ന് തിരിച്ചറിയുന്ന ഒരേ ഒരാള്‍, രാഹുല്‍ തന്നെയാണ്. കാരണം, തോല്‍പിക്കുന്നവര്‍, പുറത്തല്ല, അകത്തു തന്നെയാണ്. വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കുക എന്ന ചരിത്രപരമായ ആ വിഡ്ഡിത്വത്തില്‍, കേരളത്തിലെ ‘ഭാവനാ സമ്പന്നരായ'(!) കോണ്‍ഗ്രസ് നേതൃത്വം, ഇന്ത്യയില്‍ തന്നെ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു.
പലരും തെളിച്ചു പറഞ്ഞതായിരുന്നു, അത് ഒരു വലിയ വില കൊടുക്കേണ്ടി വരുമെന്ന തീരുമാനമാണ് എന്ന്. യഥാര്‍ഥത്തില്‍, രാഹുലിന്റെ വയനാട് പരീക്ഷണം തോല്‍പിച്ചത്, ഇന്ത്യയിലെ ശുഷ്‌കമാണെങ്കിലും ഉറച്ച ശബ്ദം പുറപ്പെടുവിക്കാന്‍ സാധിക്കുമായിരുന്ന ഇടതു പക്ഷത്തെ കൂടിയാണ്. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കിടയില്‍, ഒരു ഒത്തു തീര്‍പ്പ് സ്ഥാനാര്‍ഥി പോലെ ഇന്ത്യയിലെ ഏറ്റവും ശക്തനായ ഏകാകി കടന്നു വന്നു. രാജ് മോഹന്‍ ഉണ്ണിത്താന്‍ മുതല്‍ ബെന്നി ബെഹനാന്‍ വരെ പാര്‍ലിമെന്റിലേക്ക് ജയിച്ചു കേറി. എന്നിട്ട്?
ബാബ്‌റി മസ്ജിദ് പൊളിച്ച കേസിലെ വിധി വന്നപ്പോള്‍, രമേശ് ചെന്നിത്തല അര്‍ഥവത്തായി എന്തെങ്കിലും പറഞ്ഞോ? അദ്വാനി അടക്കമുള്ളവരെ കുറ്റമുക്തരാക്കിയപ്പോള്‍, ‘മൗനം’ ഒരു ഭാഷയായി കോണ്‍ഗ്രസ് വീണ്ടും സ്വീകരിച്ചു. ഇപ്പോള്‍ ഹത്രാസിലേക്ക് പോയ രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിനെ വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. പക്ഷെ, യഥാര്‍ഥത്തില്‍, ചെറിയ ചെറിയ സീറ്റ് സ്വപ്നങ്ങളില്‍ അഭിരമിക്കുന്ന കോണ്‍ഗ്രസ് നിര ആ ഏകാകികളെ തുണക്കുമോ എന്നുറപ്പില്ല. ഉറപ്പായും തുണക്കുമായിരുന്ന ഇടതുപക്ഷത്തെ രാഹുല്‍ തന്നെ കേരളത്തില്‍ വന്നു തോല്‍പിക്കുകയും ചെയ്തു.
ഇനിയാണ്, യഥാര്‍ത്ഥമായ ആ ചോദ്യത്തെ തൊടുന്നത്. ആരാണ് ഇടതു പക്ഷത്തെ ഇന്ത്യയില്‍ തോല്‍പിച്ചത്? കോണ്‍ഗ്രസുകാര്‍ മാത്രമാണോ?
മലയാളീ മുസ്ലിംകള്‍. ഇന്ത്യന്‍ ഇടതുപക്ഷത്തെ ഇന്നലെ തോല്‍പിച്ചത് അവരാണ്. നാളെയും തോല്‍പിക്കാന്‍ പോകുന്നത് അവര്‍ തന്നെയാണ്.
‘ക’ യ്ക്കും ‘ഖ’ യ്ക്കും ഇടയില്‍, ഭാവി വലിയൊരു ചോദ്യ ചിഹ്നമായി, അരക്ഷിതരായി തെരുവില്‍ നില്‍ക്കുകയാണ് ഇന്ത്യന്‍ കീഴാള, മുസ്ലിം ജനത. രക്ഷാ കര്‍തൃത്വം ചമയുകയും എന്നാല്‍, ഒരിക്കലും, നിര്‍ണായക സന്ദര്‍ഭങ്ങളിലൊന്നും തുണയ്ക്കെത്താതിരിക്കുകയും ചെയ്ത കോണ്‍ഗ്രസിനെ അവിശ്വസിക്കുവാന്‍ ദലിതുകള്‍ക്കും മുസ്ലിംകള്‍ക്കും ഒരു പാട് കാരണങ്ങളുണ്ട്. എന്നിട്ടും, നാം വിശ്വസിക്കുന്നു, ഇന്ത്യ കോണ്‍ഗ്രസിലൂടെ തിരിച്ചു വരുമെന്ന്. ആ നല്ല കാലം വീണ്ടും വരുമെന്ന്.
ഏതു നല്ല കാലം? ക്ഷമിക്കണം, ഇന്ത്യന്‍ ചരിത്രത്തില്‍ ഇന്ന് രണ്ട് ഏകാകികള്‍ ഉണ്ട്. രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും. സ്വന്തം പ്രസ്ഥാനങ്ങളാല്‍ തോല്‍പ്പിക്കപ്പെടുന്ന രണ്ടു പേര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rahul Gandhi and Sitaram Yechury, the leaders failed by their own parties