| Wednesday, 12th June 2019, 4:56 pm

'രാഹുലിനെ കൈകളിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ നഴ്‌സ് രാജമ്മക്ക് 13 വയസ്സ്'; വ്യാജപ്രചരണവുമായി സംഘപരിവാര്‍ ഹാന്‍ഡിലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: രാഹുല്‍ ഗാന്ധിയുടെ ജനന സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന നഴ്‌സ് വയനാട് സ്വദേശിനിയായ രാജമ്മ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധിയെത്തിയപ്പോള്‍ രാജമ്മയെ കണ്ടിരുന്നു. ഇതാണ് വാര്‍ത്തയായത്. എന്നാല്‍ രാജമ്മയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഈ ബന്ധം യഥാര്‍ത്ഥത്തിലുള്ളതല്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം ആരംഭിച്ചിരിക്കുകയാണ് ചിലര്‍.

മുരളീകൃഷ്ണ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ആദ്യം വ്യാജപ്രചരണവുമായി രംഗത്തെത്തിയത്. രാജമ്മക്ക് 62 വയസ്സാണ് ഇപ്പോള്‍ പ്രായമെന്നും രാഹുല്‍ ഗാന്ധി ജനിക്കുമ്പോള്‍ ഇവര്‍ക്ക് 13വയസ്സാണ് പ്രായം എന്നും ഇയാള്‍ പറയുന്നു. 13 വയസ്സില്‍ ഇവര്‍ നഴ്‌സായോ എന്ന ചോദ്യം ഉന്നയിക്കുന്നതിനോടൊപ്പം കെട്ടിച്ചമച്ച കഥയാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. പിന്നീട് ഈ പ്രചരണം നിരവധി സംഘപരിവാര്‍ അനുകൂല ഹാന്‍ഡിലുകളിലാണ് ഷെയര്‍ ചെയ്യപ്പെട്ടത്.
കേന്ദ്രമന്ത്രി പിയൂഷ് ചൗളയുടെ ഓഫീസ് ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട് ഇയാളെ.

എന്നാല്‍ ഇൗ പ്രചരണം അസത്യമാണെന്ന് ആള്‍ട്ട് ന്യൂസ് പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം രാജമ്മക്ക് 72 വയസ്സാണ്. ദ ഹിന്ദു, ദ ക്വിന്റ്, റിപബ്ലിക്ക് ടി.വി, ദ ഏഷ്യന്‍ ഏജ് എന്നീ പത്രങ്ങള്‍ രാജമ്മക്ക് 72 വയസാണെന്ന് പറയുന്നു. ജോലിയില്‍ നിന്ന് വിരമിച്ച് വയനാട്ടിലാണ് ഇപ്പോള്‍ രാജമ്മ താമസിക്കുന്നത്.

ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ടില്‍ 1970ല്‍ രാജമ്മയെ പ്രസവിക്കുമ്പോള്‍ രാജമ്മ ഹോളി ഫാമിലി ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. അന്ന് രാജമ്മയ്ക്ക് 23 വയസായിരുന്നുവെന്നും ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തന്നെ ബന്ധപ്പെട്ട ആള്‍ട്ട് ന്യൂസ് അധികൃതരോട് രാജമ്മയും പ്രതികരിച്ചു. രാജമ്മയുടെ പ്രതികരണം ഇങ്ങനെ,

രാഹുല്‍ ഗാന്ധി ജനിക്കുമ്പോള്‍ എനിക്ക് 23 വയസ്സായിരുന്നു പ്രായം. ഇപ്പോള്‍ എനിക്ക് 72 വയസ്സായി. 48 വര്‍ഷം മുമ്പാണ് രാഹുല്‍ ജനിക്കുന്നത്. എന്റെ കണ്‍മുമ്പിലാണ് രാഹുല്‍ ജനിച്ചത്. ഞാന്‍ രാഹുലിനെ മകന്‍ എന്ന് വിളിക്കുന്നു. അതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. എന്റെ ജന്മദിനം 1947 ജൂണ്‍ 1നാണ്. രാഹുല്‍ ജനിച്ചത് 1970, ജൂണ്‍ 19നും. നിങ്ങള്‍ കണക്ക്കൂട്ടി നോക്കൂ. എനിക്ക് അപമാനിക്കപ്പെടാന്‍ വയ്യ. ഞാന് രാഷ്ട്രീയത്തിലേക്കുമില്ല.

വയനാടിന്റെ ആരോഗ്യരംഗത്തെ അപര്യാപ്തതകള്‍ ഓര്‍മപ്പെടുത്തി ബത്തേരി താലൂക്ക് ആശുപത്രിക്ക് മൊബൈല്‍ ഐ.സി.യു. ആംബുലന്‍സ് വേണമെന്ന ആവശ്യമുന്നയിച്ച നിവേദനം രാജമ്മ കൂടിക്കാഴ്ചക്കിടെ കൈമാറിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more