രാഹുലും പ്രിയങ്കയും കസ്റ്റഡിയില്‍
India
രാഹുലും പ്രിയങ്കയും കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st October 2020, 3:11 pm

ലഖ്‌നൗ: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയില്‍. ഇരുവരേയും കരുതല്‍ കസ്റ്റയിലിലെടുത്തതായി യു.പി പൊലീസ് പറഞ്ഞു.

യാത്രക്കിടെ രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞിരുന്നു. ഹാത്രാസ് ജില്ലയുടെ അതിര്‍ത്തിയില്‍ വെച്ചായിരുന്നു രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞത്.

തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി പോകാനായിരുന്നു രാഹുലും പ്രിയങ്കയും ശ്രമിച്ചത്. യമുനാ എക്‌സ്പ്രസ് വേയില്‍ വെച്ചാണ് രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം മാര്‍ച്ച് നടത്തി മുന്നോട്ടുനീങ്ങുകയായിരുന്നു രാഹുല്‍.

എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞു. ഇതോടെ രാഹുലും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം രാഹുല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതിന് ശേഷമാണ് രാഹുലിനെയും പ്രിയങ്കയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

നൂറ് കിലോമീറ്റര്‍ ദൂരം നടന്നിട്ടാണെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍ തങ്ങളെത്തുമെന്നും മാതാപിതാക്കളെ കാണുമെന്നും പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു.

രാജ്യത്തെ ഓരോ സ്ത്രീകളും യു.പിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അസ്വസ്ഥരാണെന്നും പ്രിയങ്ക പറഞ്ഞു. എനിക്കും 18 വയസായ ഒരു മകളുണ്ട്. യു.പി സര്‍ക്കാര്‍ ഹാത്രാസിലെ പെണ്‍കുട്ടിയോട് സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ല. ഞാന്‍ ഏറെ അസ്വസ്ഥയാണ്. എന്നെപ്പോലെ തന്നെ ഈ രാജ്യത്തെ ഓരോ സ്ത്രീകളും അസ്വസ്ഥരാണ്, പ്രിയങ്ക പറഞ്ഞു.

രാഹുലിന്റേയും പ്രിയങ്കയുടേയും സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നു. അതേസമയം രാഹുലും പ്രിയങ്കയും വരുന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഹാത്രാസ് അതിര്‍ത്തി സീല്‍ ചെയ്തിരിക്കുകയാണെന്നുമാണ് ഡി.എം പ്രവീണ്‍ കുമാര്‍ ലക്‌സാര്‍ അറിയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi and Priyanka Gandhi Under Up-Police Custody