| Thursday, 10th March 2022, 2:51 pm

രാഹുലും പ്രിയങ്കയും പരാജയമാണെന്ന കാര്യം അവര്‍ അംഗീകരിക്കണം; ദേശീയ നേതൃത്വമാണ് തോല്‍വിക്ക് കാരണം: ഡൊമിനിക് പ്രസന്റേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ മാറ്റം വരേണ്ടതുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍. പാര്‍ട്ടിക്ക് ശക്തമായ നേതൃത്വം ആവശ്യമാണെന്നും ഡൊമിനിക് പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം ദേശീയ നേതൃത്വമാണെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നെന്നും അത് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കാനുള്ളതെന്നും ഡൊമിനിക് പ്രസന്റേഷന്‍ കൂട്ടിച്ചേര്‍ത്തു.

‘മാറ്റങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ നിന്നും ആരംഭിക്കണം. സോണിയ ഗാന്ധിക്ക് നേതൃത്വത്തെ നയിക്കാനുള്ള ആരോഗ്യമില്ല. പിന്നെയുള്ളത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. അവര്‍ അതില്‍ പരാജയമാണെന്ന് തെളിഞ്ഞ് കഴിഞ്ഞു. അവര്‍ അത് ഇനിയെങ്കിലും അംഗീകരിക്കണം. ഇതില്‍ ഒരു മാറ്റം വരേണ്ടതിന് മുന്നിട്ടിറങ്ങേണ്ടത് രാഹുലും പ്രിയങ്കയും തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.

ഇത് തുറന്നു പറയുന്നതുകൊണ്ട് തനിക്കെതിരെ നടപടി ഉണ്ടാകുമോ എന്ന് അറിയില്ല. എന്നാല്‍ ഇത്തരത്തിലൊരു തുറന്നുപറച്ചിലിന് സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.

”പ്രതീക്ഷിച്ചിരുന്ന ഫല സൂചനകള്‍ തന്നെയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും ഒപ്പമെത്തുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അതുണ്ടായില്ല. എന്നാല്‍ പഞ്ചാബിലാണ് നഷ്ടപ്പെടുത്തിത്. പഞ്ചാബ് തിരിച്ചുപിടിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അവിടെയാണ് തീരുമാനമെടുക്കാനുള്ള കാലതാമസം ഉണ്ടായത്.

തെറ്റായ തീരുമാനവും അതിനൊരു പ്രധാന കാരണമായി. ഉള്‍പാര്‍ട്ടി ജനാധിപത്യം കോണ്‍ഗ്രസില്‍ ഇല്ല, അത് തിരിച്ചുപിടിക്കണം. സംസ്ഥാനങ്ങളില്‍ നേതൃത്വം ഉണ്ടാവുകയും അതിനെ അംഗീകരിക്കുകയും ചെയ്യണം. ജനങ്ങള്‍ അംഗീകരിക്കുന്ന നിലയിലേക്ക് പാര്‍ട്ടിയെ കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ ദേശീയ തലത്തില്‍ നിന്നും ഉണ്ടാകണം,’ ഡൊമിനിക് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി അഴിമതിക്കാരനായ ഒരു നേതാവല്ല. അദ്ദേഹം ആശയത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്നയാളാണ്. എന്നാല്‍ മോദിക്ക് ബദല്‍ രാഹുല്‍ എന്ന് വരുമ്പോഴാണ് പാളുന്നത്. മോദി ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവാണ്, അതിന് പുറമേ ഹിന്ദുത്വവും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഒരു വിലയിരുത്തല്‍ വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും പിന്നില്‍ തന്നെയാണ്. തെരഞ്ഞെടുപ്പിന് മുമ്പേ ഭരണത്തിലിരുന്ന പഞ്ചാബിലും പാര്‍ട്ടിക്ക് അടിത്തറയിളകുന്ന കാഴ്ചയാണ് കണ്ടത്.


Content Highlights: Rahul Gandhi and Priyanka Gandhi should realize they are the reason for congress’s fail

We use cookies to give you the best possible experience. Learn more