ഹാത്രാസ് പെണ്‍കുട്ടിയുടെ അമ്മയെ ചേര്‍ത്തു പിടിച്ച് പ്രിയങ്കയും രാഹുലും; ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ല, നീതി നടപ്പാക്കും വരെ പോരാട്ടം തുടരും
national news
ഹാത്രാസ് പെണ്‍കുട്ടിയുടെ അമ്മയെ ചേര്‍ത്തു പിടിച്ച് പ്രിയങ്കയും രാഹുലും; ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ല, നീതി നടപ്പാക്കും വരെ പോരാട്ടം തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd October 2020, 10:08 pm

ലഖ്‌നൗ: ഹാത്രാസില്‍ കൂട്ടബാലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. നീതിക്ക് വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും ഇരുവരും പറഞ്ഞു.

‘ എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് നടന്നാല്‍ അവിടെ നീതി ഉറപ്പാക്കാന്‍ ഞങ്ങളുണ്ടാവും. ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ല,’ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

‘ തങ്ങളുടെ മകളെ അവസാനമൊരു നോക്ക് കാണാന്‍ പോലും കുടുംബത്തിന് കഴിഞ്ഞില്ല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങളുടെ ഉത്തരവാദിത്വം മനസ്സിലാക്കണം. നീതി നടപ്പാക്കുന്നതു വരെ ഞങ്ങള്‍ പോരാട്ടം തുടരും,’ പ്രിയങ്ക ഗാന്ധി പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുമായി സംസാരിച്ച ശേഷമാണ് പ്രിയങ്കയുടെ പ്രതികരണം.

 

സംഘര്‍ഷ ഭരിതമായ സംഭവങ്ങള്‍ക്കൊടുവിലാണ് പ്രിയങ്കക്കും രാഹുലിനും ഹാത്രാസിലെ പെണ്‍കുട്ടിയുടെ ഗ്രാമമായ ബൂള്‍ഗാരിയില്‍ എത്താനായത്. ഇവരെ കടത്തിവിടാതിരിക്കാന്‍ യു.പി പൊലീസ് പരമാവധി ശ്രമിച്ചിരുന്നെങ്കിലും രാഹുലും പ്രിയങ്കയും പിന്മാറാന്‍ തയാറായിരുന്നില്ല. അഞ്ച് പേര്‍ക്ക് പോകാമെന്നാണ് പൊലീസ് അറിയിച്ചത്.

പൊലീസിനേയും അര്‍ധസൈന്യത്തേയും വിന്യസിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടിയാണ് നേതാക്കളെ കടത്തിവിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ നോയിഡ ടോള്‍ ഗേറ്റില്‍ 700ലേറെ പൊലീസുകാരെയായിരുന്നു നിയോഗിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi and Priyanka Gandhi responds to media after meeting Hathras gang-rape victim’s family