| Sunday, 24th March 2024, 8:15 am

അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ആശയക്കുഴപ്പത്തില്‍; മത്സരിക്കാനില്ലെന്ന് രാഹുലും പ്രിയങ്കയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും മത്സരിക്കാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. വയനാടിന് പുറമേ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം യു.പിയിലെ പി.സി.സി മുന്നോട്ട് വെച്ചിരുന്നു.

അമേഠിയില്‍ കഴിഞ്ഞ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. എന്നാല്‍ റായ്ബറേലിയില്‍ സോണിയാ ഗാന്ധിയാണ് വിജയിച്ചത്.

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യമാണ് പി.സി.സി ഘടകം മുന്നോട്ട് വെച്ചത്. പ്രിയങ്കയെ റായ്ബറേലിയിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് പോസ്റ്ററുകള്‍ ഉള്‍പ്പടെ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായിരുന്നു റായ്ബറേലിയും അമേഠിയും. സോണിയ ഗാന്ധി മത്സരിക്കാത്ത സാഹചര്യത്തില്‍ അമേഠിയെ പോലെ റായ്ബറേലിയും കൈവിട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് യു.പി പി.സി.സി ദേശീയ നേതൃത്വത്തെ ആശങ്ക അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധി എത്തിയാല്‍ തോല്‍വി മറികടക്കാം എന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ യു.പിയിലെ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ രണ്ട് പേരും വിസമ്മതിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രാഹുലിനും പ്രിയങ്കക്കും പകരം രണ്ട് മണ്ഡലങ്ങളിലും ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിത്വം തുടരുകയാണ്. അമേഠിയും റായ്ബറേലിയും ഒഴികെ ഉത്തര്‍പ്രദേശ് ഉള്‍പ്പെട്ട കോണ്‍ഗ്രസിന്റെ നാലാംഘട്ട പട്ടിക ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്.

Content highlight: rahul gandhi and priyanka gandhi are not ready to contest in amethi and raebareli

We use cookies to give you the best possible experience. Learn more