ലഖ്‌നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂരിലേക്ക് പോകാന്‍ അനുമതി. ഇവര്‍ക്കൊപ്പം മൂന്ന് പേര്‍ക്ക് കൂടി ലഖിംപൂരിലേക്ക് പോകാം.യു.പി ആഭ്യന്തരവകുപ്പാണ് തീരുമാനം അറിയിച്ചത്.
നേരത്തെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.
എന്തൊക്കെ തടസമുണ്ടായാലും ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. വേണ്ടി വന്നാല്‍ രാഹുല്‍ ഒറ്റയ്ക്ക് പോകുമെന്നും രാഹുലിന്റെ സന്ദര്‍ശനത്തിന് നിരോധനാജ്ഞ തടസമല്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.
ലഖിംപൂരിലേക്ക് താനുള്‍പ്പെടെയുള്ള മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്ന് രാഹുലും അറിയിച്ചിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നായിരുന്നു യു.പി സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
അതേസമയം, ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. എന്നാല്‍, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.