| Wednesday, 19th August 2020, 8:44 am

ഗാന്ധി കുടുംബത്തിന് പുറത്തുകടക്കാന്‍ കോണ്‍ഗ്രസ്; ലക്ഷ്യം 2024; പ്രിയങ്കാ ഗാന്ധിയും രാഹുലും നല്‍കുന്നത് പാര്‍ട്ടിക്കുള്ളിലെ അഴിച്ചുപണിയുടെ സൂചനയോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലെ പൊതുതെരഞ്ഞൈടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ കുടുംബ വാഴ്ചയ്‌ക്കെതിരെ പ്രത്യക്ഷ്യമായും പരോക്ഷമായും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.

India Tomorrow: Conversations with the Next Generation of Political Leaders എന്ന പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസില്‍ വലിയൊരു അഴിച്ചുപണിക്കുള്ള സൂചനകളാണ് നല്‍കുന്നത്.

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പ്രത്യേകിച്ച് ഒരു സ്ഥാനത്തിന്റെ ആവശ്യമില്ലാ എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരിക്കുന്നത്. 2019 ലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് പിന്മാറിയിരുന്നു. നേതൃസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം ഉയര്‍ന്നുവന്നുവെങ്കിലും രാഹുല്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല.

ഇനി ഉടന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് രാഹുല്‍ തിരിച്ചെത്തില്ലെന്ന സൂചന തന്നെയാണ് പുസ്തകത്തില്‍ രാഹുലിനെ ഉദ്ധരിച്ചു പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തോട് പൂര്‍ണ യോജിപ്പാണ് പ്രിയങ്കാ ഗാന്ധിക്കും. നിലവില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ആള്‍ വരണമെന്ന ആശയം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള ധാരാളം ആളുകള്‍ ഉണ്ട്, പ്രിയങ്കയെ ഉദ്ധരിച്ച് പുസ്തകത്തില്‍ പറയുന്നു.

‘പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. എന്നെ ഉത്തര്‍പ്രദേശില്‍ ആഗ്രഹിക്കുന്നില്ലെന്നും ആന്‍ഡമാന്‍, നിക്കോബാറിലാണ് (ദ്വീപുകള്‍) നില്‍ക്കേണ്ടതെന്നും നാളെ അദ്ദേഹം എന്നോട് പറഞ്ഞാല്‍, ഞാന്‍ സന്തോഷത്തോടെ ആന്‍ഡമാനിലേക്കും നിക്കോബാറിലേക്കും പോകും.” പ്രിയങ്ക പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു.

പ്രദീപ് ചിബറും ഹര്‍ഷ് ഷായും ചേര്‍ന്ന് എഴുതിയ പുസ്തകം കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്.

” ഞാന്‍ പാര്‍ട്ടിക്കൊപ്പം ഉണ്ട് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, കാരണം ഞാന്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ പാര്‍ട്ടിയെ ശക്തിപ്പെടുത്താനോ എനിക്ക് പ്രസിഡന്റ് പദവി ആവശ്യമില്ല” പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രസിഡന്റായി തിരിച്ചുവരുമോ എന്ന ചോദ്യത്തിന് രാഹുലിന്റെ പ്രതികരണം ഇതായിരുന്നു.

2019 ല്‍ പാര്‍ട്ടിക്ക് ഏറ്റ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും രാഹുല്‍ പറയുന്നു.

”എന്റെ സഹോദരന്‍ തെരഞ്ഞെടുപ്പിന് ശേഷം രാജിക്കത്ത് പോസ്റ്റില്‍ വളരെ വ്യക്തമായി പറഞ്ഞതുപോലെ, കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം കരുതുന്നു. ഒരുപക്ഷേ കത്തില്‍ മാത്രംഅല്ല മറ്റെവിടെയെങ്കിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്, ഞങ്ങളാരും പാര്‍ട്ടിയുടെ പ്രസിഡന്റാകരുത്, ഞാന്‍ അദ്ദേഹവുമായി പൂര്‍ണമായും യോജിക്കുന്നു. പാര്‍ട്ടി അതിന്റേതായ പാത കണ്ടെത്തണമെന്ന് ഞാന്‍ കരുതുന്നു,” പാര്‍ട്ടി നേതൃത്വത്തിലേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ള ആള്‍ എത്തുമെന്ന സൂചന നല്‍കി പ്രിയങ്ക പറയുന്നു.

കഴിഞ്ഞ വര്‍ഷം പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷമുള്ള ആഭ്യന്തര യോഗങ്ങളില്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവര്‍ കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടതായും പാര്‍ട്ടിയെ നേതാക്കളെ ഉദ്ധരിച്ച് പുസ്തകം പറയുന്നു.

ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ നേതൃസ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ തീര്‍ച്ചയായും കടന്നുവരണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Rahul gandhi and Priyanka Gandhi about congress leadership and defeat in general election 2019

We use cookies to give you the best possible experience. Learn more