'ഇമ്രാന്‍ ഖാനെ കാണാന്‍ കാത്തിരിക്കുന്ന രാഹുല്‍ ഗാന്ധിയും മമതയും'; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുത ഇതാണ്
ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാണാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. ഫേസ്ബുക്കിലും ട്വിറ്ററിലും വലിയ തോതില്‍ ഈ ചിത്രം കഴിഞ്ഞദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.
2019 ഏപ്രില്‍ നാലിന് പാക് ആര്‍മി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയും ഇമ്രാന്‍ ഖാനും യോഗം ചേര്‍ന്ന വേളയിലെ ഫോട്ടോ എഡിറ്റ് ചെയ്ത് രാഹുല്‍ ഗാന്ധിയ്ക്കും മമതയ്ക്കുമെതിരെ പ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു. ഏപ്രില്‍ ഏഴിന് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഈ ഫോട്ടോ 4500 ലേറെ തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്.
പാക് പ്രധാനമന്ത്രി സൈനിക മേധാവിയുമായി ചര്‍ച്ച നടത്തുന്നതിനിടെ മുറിയുടെ മൂലയില്‍ അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുന്ന രാഹുലും മമതയും എന്നു പറഞ്ഞാണ് ഫേസ്ബുക്കില്‍ ഈ ഫോട്ടോ പങ്കുവെച്ചത്.
‘ നിങ്ങള്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ പാകിസ്ഥാനുവേണ്ടി വോട്ടു ചെയ്യുകയാണ്. ചിത്രത്തില്‍ നോക്കൂ, പാക് അടിമകള്‍ മൂലയ്ക്ക് ഇരിക്കുന്നുണ്ട്.’ എന്ന് കന്നഡയില്‍ ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
രാഹുലിനും മമതയ്ക്കും പുറമേ പഞ്ചാബ് മന്ത്രി നവജ്യോദ് സിങ് സിദ്ദു, ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരെയും ഫോട്ടോയില്‍ കാണാം.
പാക്കിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റു ചെയ്ത ചിത്രമാണിതെന്ന് ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സര്‍ച്ചില്‍ വ്യക്തമാകും.