ന്യൂദല്‍ഹി: സോളാര്‍ കേസില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കൂടുതല്‍ വെട്ടിലാവുന്നു. ഹൈക്കമാന്‍ഡും കേസില്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് ഇത്. സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ കേസില്‍ ഉള്‍പ്പെട്ടത് ഹൈക്കമാന്‍ഡിന് ആശങ്ക ഉണ്ടാക്കുന്നുവെന്ന് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരിക്കുകയാണ്.
പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ് കേസ് എന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ കേസില്‍ കേരള നേതൃത്വത്തിന് കണ്ണൂപൂട്ടിയുള്ള പിന്തുണ നല്‍കില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, പ്രശ്നം എങ്ങനെ നേരിടണമെന്ന് അറിയിക്കാന്‍ രാഹുല്‍ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും തീരുമാനങ്ങള്‍ രാഹുലിനെ അറിയിക്കുമെന്നും ഹസന്‍ പറഞ്ഞു.
പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ഹസന്‍ ആവര്‍ത്തിച്ചു. വിഷയത്തില്‍ തല്‍ക്കാലം നിലപാട് അറിയിക്കാനില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷം എംഎം ഹസനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ദല്‍ഹിയിലെ കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി.