ലഖ്‌നൗ: കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാഗങ്ങളെ കാണുന്നതിന് രാഹുല്‍ ഗാന്ധിയും ലഖിംപൂരിലേക്ക്. കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെയ്ക്കണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യം.
നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ലഖിംപുരിലെത്തിയിരുന്നു. എന്നാല്‍ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാതെ താന്‍ തിരികെ പോകില്ലെന്നാണ് പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്രസര്‍ക്കാരും യു.പി സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്.
ലഖിംപൂരിലേക്ക് യാത്ര തിരിച്ച പ്രതിപക്ഷ നേതാക്കളെ തടയാനാണ് ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം. നേരത്തെ ലഖിംപൂരിലേക്ക് തിരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ തടഞ്ഞിരുന്നു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെയും ലഖിംപൂരിലേക്ക് പോകാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബി.എസ്.പി നേതാക്കളെയും ലഖിംപൂര്‍ ഖേരിയിലേക്ക് പോകുന്നതില്‍ നിന്ന് യു.പി പൊലീസ് തടഞ്ഞിട്ടുണ്ട്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും യു.പി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ലഖിംപൂരില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Rahul Gandhi also goes to Lakhimpur Priyanka says she will not return without seeing the family of the slain; BJP government on the defensive