ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നയിക്കുന്ന ഇന്ത്യാ മുന്നണിയുടെ റാലിയില്‍ വന്‍ തിക്കും തിരക്കും. റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ നിലത്ത് വീണു.
ആളുകള്‍ ചിതറി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റാത്ത ജനത്തിരക്കാണ് സംയുക്ത റാലിയില്‍ ഉണ്ടായത്.
റാലി തുടങ്ങുമെന്ന് അറിയിച്ച സമയത്തിന് മുമ്പ് സ്ഥലത്തേക്ക് ഒരുപാട് പ്രവര്‍ത്തകര്‍ എത്തിയതാണ് ജനത്തിരക്ക് നിയന്ത്രിക്കാന്‍ പറ്റാതെ പോയതിന്റെ കാരണം.
നിരവധി പേര്‍ റാലിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പലരും നിലത്തേക്ക് വീഴുകയായിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ പറ്റാതായതോടെ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാതെ വേദി വിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് ഇരുവരും പരിപാടി ഉപേക്ഷിച്ചത്.
പ്രയാഗ്‌രാജിലെ റാലി ഉപേക്ഷിച്ച് പിന്നീട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും യു.പിയില്‍ നേരത്തെ തീരുമാനിച്ച രണ്ടാമത്തെ റാലിയില്‍ പങ്കെടുക്കാന്‍ പോയി. കറാച്ചാനയിലെ മുംഗരിയിലാണ് രണ്ടാമത്തെ റാലി.
അവിടെയും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാരിക്കേഡുകള്‍ മറികടന്ന് സ്‌റ്റേജിനടുത്തെത്താന്‍ വേണ്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതാണ് സ്ഥിതി വഷളാക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Rahul Gandhi, Akhilesh Yadav leave UP rally hastily amid stampede situation