'കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ മോദി യോഗ ചെയ്യുന്നു'; രാജ്യം ഇനി കാണാനിരിക്കുന്നത് മഹാഭാരതയുദ്ധമെന്ന് രാഹുല്‍ ഗാന്ധി
National
'കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ മോദി യോഗ ചെയ്യുന്നു'; രാജ്യം ഇനി കാണാനിരിക്കുന്നത് മഹാഭാരതയുദ്ധമെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th March 2018, 5:30 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയും ആര്‍.എസ്.എസും ആധുനിക ഇന്ത്യയിലെ കൗരവരാണെന്നും ബിജപിയെ നയിക്കുന്നതു കൊലക്കേസ് പ്രതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എ.ഐ.സി.സി സമ്പൂര്‍ണ സമ്മേളനത്തിലായിരുന്നു രാഹുല്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

Read Also : മോദി സമ്പദ്ഘടന തകര്‍ത്തെന്ന് മന്‍മോഹന്‍ സിങ്; കശ്മീര്‍ പ്രശ്‌നവും വഷളാക്കി

“നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കുരുക്ഷേത്രയില്‍ വലിയൊരു യുദ്ധം നടന്നു. കൗരവര്‍ കരുത്തരും ധിക്കാരികളുമായിരുന്നു. എന്നാല്‍ പാണ്ഡവര്‍ എളിമയുള്ളവരും സത്യത്തിനുവേണ്ടി പോരാടിയവരും ആയിരുന്നു. കൗരവരെപ്പോലെയാണ് ബി.ജെ.പിയും ആര്‍.എസ്എസും അധികാരത്തിനുവേണ്ടി പോരാടുകയാണ്, അവര്‍ പാണ്ഡവരെപ്പോലെയാണ് രാഹുല്‍ പറഞ്ഞു.

 

ബി.ജെ.പി ഒരു പാര്‍ട്ടിയുടെ മാത്രം ശബ്ദമാണ് എന്നാല്‍ കോണ്‍ഗ്രസിന്റേതു രാജ്യത്തിന്റെ ശബ്ദമാണ്. രാജ്യത്തെ ഒറ്റക്കെട്ടാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസിനേ കഴിയൂ. ബി.ജെ.പി വിദ്വേഷമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മള്‍ സ്‌നേഹമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. ഈ രാജ്യം എല്ലാവരുടേതുമാണ്. കോണ്‍ഗ്രസ് എന്തുചെയ്താലും അതു രാജ്യത്തിനു വേണ്ടിയാണ്, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Read Also : ഡൂള്‍ന്യൂസ് വാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ച ഫാറൂഖ് കോളജ് അധ്യാപകനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകളും

നുണകളില്‍ ഇന്ത്യ ജീവിക്കുമോ? അതോ സത്യത്തെ നേരിടാനുള്ള ധൈര്യം ഇന്ത്യയ്ക്കുണ്ടാകുമോ? ഇന്ന് അഴിമതിക്കാരും ശക്തരുമാണ് രാജ്യത്തിന്റെ സംവാദത്തെ നിയന്ത്രിക്കുന്നത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ മോദി യോഗ ചെയ്യുകയായിരുന്നു എന്നും രാഹുല്‍ പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാനപെട്ട വിഷയങ്ങളിലെല്ലാം മോദിക്ക് മൗനമാണെന്നും തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളില്‍ മോദിയുടേത് കുറ്റകരമായ മൗനമാണെന്നും രാഹുല്‍ പറഞ്ഞു.

നമ്മള്‍ രൂപീകരിച്ച അവസാനത്തെ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും സന്തോഷത്തോടെയല്ല താനിതു പറയുന്നതെന്നും രാജ്യത്തെ ജനങ്ങളെ നമ്മള്‍ താഴ്ത്തുകയായിരുന്നു ചെയ്തതെന്നും രാഹുല്‍ കുറ്റസമ്മതം നടത്തി.

 

“പാര്‍ലമെന്റില്‍ പല കാര്യങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ചു രക്ഷപ്പെടുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗബ്ബര്‍ സിങ് ടാക്‌സ് മുതല്‍ യോഗ വരെ അതാണു സംഭവിക്കുന്നത്. ഒരിക്കല്‍പ്പോലും പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യാന്‍ തയാറായിട്ടില്ല. എന്നാല്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തെ തടയാന്‍ ആര്‍ക്കുമാകില്ല” രാഹുല്‍ പറയുന്നു.

 

രാജ്യം മടുത്തിരിക്കുകയാണ്. ഇതില്‍നിന്നു പുറത്തേക്കൊരു വഴി തിരയുകയാണവര്‍. കോണ്‍ഗ്രസിനു മാത്രമേ മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കാനാകൂ. നമ്മുടെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജീവനോടെ കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണ്. മുതിര്‍ന്ന നേതാക്കള്‍ യുവാക്കളെ നയിക്കണം. അങ്ങനെ പാര്‍ട്ടിയെ മുന്നില്‍കൊണ്ടുവരണം. സ്ഥാനാര്‍ത്ഥികളായി പറന്നിറങ്ങുന്നവര്‍ ഇനിയുണ്ടാവില്ല. തന്ത്രങ്ങളില്‍ മാറ്റം വരുത്തുമെന്നും പാര്‍ട്ടിയുടെ കുറവുകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ പോലും പാക്കിസ്ഥാന്‍ കണ്ടിട്ടില്ലാത്ത മുസ്ലിംകളോട് അങ്ങോട്ടുപാകാനാണ് അവര്‍ പറയുന്നത്. ദലിതുകള്‍ മുതല്‍ മുസ്ലിംകള്‍ വരെ. ഉന മുതല്‍ ജാര്‍ഖണ്ഡ് വരെ. തമിഴര്‍ മുതല്‍ വടക്കുകിഴക്കന്‍ നാട്ടുകാര്‍ വരെ. ഗൗരി ലങ്കേഷ് വധവും ഗുജറാത്ത് തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ വിഷയങ്ങളും പരാമര്‍ശിച്ചായിരുന്നു പ്രസംഗം.


മുത്തങ്ങ…കേരളം കാണാത്ത പതിഞ്ച് വര്‍ഷങ്ങള്‍