'ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞ് കിടക്കുമ്പോൾ നിയമനം 5696 തസ്തികകളിലേക്ക് മാത്രം'; മോദിയുടെ വഞ്ചനയെന്ന് രാഹുൽ ഗാന്ധി
national news
'ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞ് കിടക്കുമ്പോൾ നിയമനം 5696 തസ്തികകളിലേക്ക് മാത്രം'; മോദിയുടെ വഞ്ചനയെന്ന് രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th January 2024, 6:05 pm

ദിസ്പൂർ: റെയിൽവേയിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞ് കിടക്കുമ്പോൾ അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 5696 തസ്തികകളിലേക്ക് മാത്രം നിയമനം നടത്തുന്നത് മത്സരപരീക്ഷകൾക്ക് ഒരുങ്ങിയ വിദ്യാർത്ഥികളോടുള്ള അനീതിയാണെന്ന് രാഹുൽ ഗാന്ധി.

അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം എക്സ് അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

‘രാജ്യത്ത് മൂന്നിലൊരു യുവാവ് തൊഴിലില്ലായ്മയുടെ ഇരയാണ് എന്നിരിക്കെ, പ്രധാനമന്ത്രി ഒരിക്കൽ കൂടി അവരെ വഞ്ചിച്ചിരിക്കുകയാണ്.

സാധാരണ കുടുംബങ്ങളിൽ നിന്ന് വന്ന്, ചെറിയ വാടക മുറികളിൽ താമസിച്ച് 18 മണിക്കൂറോളം കഠിനാധ്വാനം ചെയ്തുകൊണ്ട് വലിയ സ്വപ്‍നം കാണുന്ന വിദ്യാർത്ഥികളാണ് ഇത്തവണ വഞ്ചനക്കിരയായത്.

റെയിൽവേയിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞ് കിടക്കുമ്പോൾ അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 5696 തസ്തികകളിലേക്ക് മാത്രം നിയമനം നടത്തുന്നത് മത്സരപരീക്ഷകൾക്ക് ഒരുങ്ങിയ വിദ്യാർത്ഥികളോടുള്ള അനീതിയാണ്.

ആരുടെ നേട്ടത്തിന് വേണ്ടിയാണ് റെയിൽവേയിൽ നിയമനം വെട്ടിക്കുറക്കുന്നത്?

ഓരോ വർഷവും രണ്ട് കോടി തൊഴിൽ നൽകുമെന്ന ഉറപ്പ് എവിടെപ്പോയി? റെയിൽവേ സ്വകാര്യവത്കരിക്കില്ലെന്ന വാഗ്ദാനം എവിടെ?’ രാഹുൽ ഗാന്ധി എക്‌സിലെ പോസ്റ്റിൽ കുറിച്ചു.

മോദിയുടെ ഉറപ്പ് യുവാക്കൾക്കുള്ള താക്കീതാണെന്നും അവരുടെ അവകാശങ്ങൾക്കും നീതിക്കുമായി നമ്മൾ ശബ്ദമുയർത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം അസമിൽ ഭാരത് ജോഡോ യാത്രയിൽ ഇന്ത്യയിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ അനീതി തൊഴിലില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Rahul Gandhi against reducing recruitments in railway vacant posts