| Thursday, 24th September 2020, 10:40 am

പാവപ്പെട്ടവരുടെ ശോഷണവും 'മിത്ര'ങ്ങളുടെ പോഷണവും, ഇതാണ് മോദിജിയുടെ ഭരണം: പുതിയ തൊഴില്‍ നയത്തില്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 300 വരെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി കൂടാതെ ജോലിക്കാരെ പിരിച്ചുവിടാനാകുമെന്ന പുതിയ തൊഴില്‍ നയത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവരെ ഇല്ലാതാക്കാനും മിത്രങ്ങളെ വളര്‍ത്താനുമാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘കര്‍ഷകര്‍ക്ക് ശേഷം ഇതാ തൊഴിലാളികളോട് യുദ്ധം. പാവപ്പെട്ടവന്റെ ശോഷണം. മിത്രങ്ങളുടെ പോഷണം. ഇതാണ് മോദിജിയുടെ ഭരണം’ തൊഴിലാളികളെ പിരിച്ചുവിടുന്നത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുക്കൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

300 തൊഴിലാളികള്‍ വരെയുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി കൂടാതെ തൊഴിലാളികളെ ജോലിക്കെടുക്കാനും പിരിച്ചുവിടാനുമാകുമെന്ന് നിര്‍ദേശം ശനിയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി,

കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗംഗവാര്‍ ആണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസും മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇന്‍ഡസ്ട്രിയില്‍ റിലേഷന്‍ കോഡ് ബില്‍ 2020ലെ ഈ നിര്‍ദേശം തൊഴിലാളി യൂണിയനുകളും സര്‍ക്കാരും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്. വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന ശേഷവും ബില്ലുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ സര്‍ക്കാരിന്റെ അനുമതി കൂടാതെ തൊഴിലാളികളെ പിരിച്ചുവിടാനാകൂ. പുതിയ ബില്‍ നടപ്പിലായാല്‍ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ വരെ ഹനിക്കപ്പെടുമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

2019ല്‍ അവതരിപ്പിച്ച ബില്ലില്‍ ഈ നിര്‍ദേശം അവതരിപ്പിച്ചിരുന്നെങ്കിലും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നതിനെ തുടര്‍ന്ന് ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നു. ഇപ്പോള്‍ ഈ പിരിച്ചുവിടല്‍ നിര്‍ദേശം ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ കര്‍ഷക ബില്ലിനെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സമാനമായ പ്രതിഷേധം തൊഴിലാളികളുടെ ഭാഗത്ത് നിന്നുകൂടിയുണ്ടാകുമെന്നാണ് കരുതുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi against PM Narendra Modi in new bill allowing companies with 300 employess to lay off workers without Govt.permission

We use cookies to give you the best possible experience. Learn more