ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ(ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്)യെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിക്ക് ഇഷ്ടമുള്ളത് വിളിക്കാമെന്നും ‘ഇന്ത്യ’ മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ മിസ്റ്റര്‍ മോദി. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും.
മണിപ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും സ്‌നേഹവും സമാധാനവും ഞങ്ങള്‍ തിരികെ നല്‍കും. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ഞങ്ങള്‍ പുനര്‍ നിര്‍മിക്കും,’ രാഹുല്‍ പറഞ്ഞു.
പേരിനൊപ്പം ഇന്ത്യയുണ്ടായത് കൊണ്ട് കാര്യമില്ലെന്നും ഇന്ത്യന്‍ മുജാഹിദീന്റെയും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും പേരിനൊപ്പം ഇന്ത്യയുണ്ടെന്നുമാണ് മോദി പാര്‍ലമെന്റില്‍ സംസാരിച്ചത്.
‘പ്രതീക്ഷയറ്റ, പരാജയപ്പെട്ട, മോദിയെ എതിര്‍ക്കുകയെന്ന ഒറ്റ അജണ്ട മാത്രമുള്ളവരുടെ കൂട്ടമാണ് ‘ഇന്ത്യ’. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യയുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. ഇത്തരത്തില്‍ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല,’ മോദി പറഞ്ഞു.
അതേസമയം, മണിപ്പൂര്‍ വിഷയം അടക്കം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ലോക്സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. ചൊവ്വാഴ്ച രാവിലെ നടന്ന ഇന്ത്യ യോഗത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിക്കാനുള്ള നിര്‍ദേശവും ഉയര്‍ന്നിരുന്നു.
ഇതുസംബന്ധിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയും ലോക്‌സഭയും ചൊവ്വാഴ്ചയും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.
content highlights: Rahul gandhi against narednra modi