| Saturday, 19th August 2017, 8:12 pm

'മോദിജീ ഇതാണ് നിങ്ങളുടെ പുതിയ ഇന്ത്യയെങ്കില്‍ ഞങ്ങള്‍ക്കീ ഇന്ത്യ വേണ്ട'; ഗോരഖ്പൂര്‍ ദുരന്തത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോരഖ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ ആശയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗോരഖ്പൂര്‍ ദുരന്തം രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ ദയനീയ അവസ്ഥയാണ് വെളിവാക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മോദിജിയുടെ പുതിയ ഇന്ത്യ ഇതാണെങ്കില്‍ ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള പുതിയ ഇന്ത്യ വേണ്ട. ഞങ്ങള്‍ക്ക് വേണ്ടത് ആശുപത്രിയിലെത്തുന്ന രോഗികള്‍ അസുഖം മാറി സന്തോഷത്തോടെ തിരിച്ചുപോകുന്ന ഇന്ത്യയെയാണ്.”


Also Read: നേപ്പാള്‍ വെള്ളപ്പൊക്കത്തില്‍ അനുശോചനമറിയിച്ചുള്ള മോദിയുടെ ട്വീറ്റിന് ഇന്ത്യയിലെ ദുരന്തങ്ങള്‍ അക്കമിട്ടുനിരത്തി സോഷ്യല്‍ മീഡിയയുടെ മറുപടി


ആശുപത്രിയുടെ ദയനീയാവസ്ഥ നേരത്തെതന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്ന് രാഹുല്‍ പറഞ്ഞു. ദുരന്തത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നതിനു പകരം സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് രാഹുല്‍ ആവശ്യപ്പെട്ടു.

നേരത്തെ രാഹുല്‍ ഗാന്ധി ഗോരഖ്പൂര്‍ ആശുപത്രി സന്ദര്‍ശിക്കുന്നതിനെ എതിര്‍ത്ത് യോഗി ആദിത്യനാഥ് രംഗത്ത് വന്നിരുന്നു. ഗോരഖ്പൂരിനെ പിക്‌നിക് സ്‌പോട്ടാക്കാന്‍ അനുവദിക്കില്ലെന്നാണ് യോഗി പറഞ്ഞിരുന്നത്.

ഇന്നലെ ഗോരഖ്പൂര്‍ ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more