തിരുനെല്‍വേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയെക്കാള്‍ വലിയ ശത്രുവിനെ നേരിട്ടവരല്ലേ ഇന്ത്യക്കാര്‍ എന്നാണ് രാഹുല്‍ ചോദിച്ചത്. തിരുനെല്‍വേലിയില്‍ വിദ്യാഭ്യാസ വിദഗ്ധരുമായുള്ള സംവാദത്തിലാണ് രാഹുലിന്റെ പ്രതികരണം.
‘എതിരാളികളെ തകര്‍ക്കുകയും രാജ്യത്ത് പണാധിപത്യം പുലര്‍ത്തുകയും ചെയ്യുന്ന ഒരു പ്രബലനായ ശത്രുവിനോടാണ് നമ്മള്‍ പോരാടുന്നത്. പക്ഷെ നമ്മള്‍ ഇതിനു മുമ്പും പോരാടിയിട്ടുണ്ട്. ഇതിലും വലിയ ശത്രുവിനെ നമ്മള്‍ പോരാടി തോല്‍പ്പിച്ചിട്ടുണ്ട്.
എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയെ കീഴടക്കിയ ബ്രിട്ടീഷുകാര്‍ നരേന്ദ്ര മോദിയേക്കാള്‍ ശക്തരായിരുന്നു. ബ്രിട്ടീഷ് ആധിപത്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോദി ആരാണ്?,’ രാഹുല്‍ ചോദിച്ചു.
രാജ്യത്തെ ജനങ്ങള്‍ ബ്രിട്ടീഷുകാരെ തിരിച്ചയച്ച പോലെ മോദിയെയും നാഗ്പൂരിലേക്ക് തിരിച്ചയക്കുമെന്നും രാഹുല്‍ പറഞ്ഞു.
‘വെറുപ്പോ വിദ്വേഷമോ അക്രമമോ ഇല്ലാതെ തന്നെ നമ്മള്‍ ഇത് നടപ്പാക്കും. അവര്‍ക്ക് നമ്മളെ എന്തു ചെയ്യാം. ആക്ഷേപിക്കാം, ചവിട്ടാം, നമ്മുടെ മുഖത്ത് തുപ്പാം…നമ്മള്‍ അത് തിരിച്ചു ചെയ്യില്ല,’രാഹുല്‍ പറഞ്ഞു.
ചിലതെല്ലാം യാഥാര്‍ത്ഥ്യമായില്ലെങ്കിലും വലിയ സ്വപ്‌നങ്ങള്‍ കാണണമെന്നും രാഹുല്‍ പറഞ്ഞു. മാറ്റമുണ്ടാവുമെന്ന് കരുതിയില്ലെങ്കില്‍ ഇവിടെ വന്ന് സംസാരിക്കില്ലായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക