| Saturday, 28th October 2023, 7:26 pm

കര്‍ഷകരുടേയല്ല അദാനിയുടെ കടം മാത്രമേ അവര്‍ക്ക് എഴുതിത്തള്ളാന്‍ കഴിയൂ: ബി.ജെ.പിക്കെതിരെ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ കാര്‍ഷിക മേഖലയിലെ നിലപാടുകളെയും തെറ്റായ വാഗ്ദാനങ്ങളെയും രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിച്ചു.

ബി.ജെ.പിക്ക് കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ സാധിക്കില്ലെന്നും അവര്‍ക്ക് അദാനിയുടെ കടങ്ങള്‍ മാത്രമേ തള്ളികളയാന്‍ കഴിയുകയുള്ളൂ എന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. അതേസമയം കോണ്‍ഗ്രസ് ഛത്തീസ്ഗഡിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം തങ്ങള്‍ നടപ്പിലാക്കിയെന്നും രാഹുല്‍ പറഞ്ഞു.

എല്ലാ ബാങ്ക് അക്കൗണ്ടുകളിലും 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന മോദിയുടെ വാഗ്ദാനങ്ങള്‍ പോലെ കോണ്‍ഗ്രസ് ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയില്ലെന്ന് രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ പണം അദാനിക്ക് നല്‍കുന്നുവെന്നും പൊതുസ്ഥാപനങ്ങള്‍ ഒന്നിലധികം വ്യവസായികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും രാഹുല്‍ സൂചിപ്പിച്ചു.

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കളക്ടര്‍മാര്‍ക്ക് വര്‍ഷത്തില്‍ 4000 രൂപ നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

മോദിയുടെ എല്ലാ പ്രസംഗത്തിലും അദ്ദേഹം ഒ.ബി.സി എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെന്നും പിന്നെയെന്തിനാണ് ജാതി സെന്‍സസിനെ ഭയക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. തങ്ങള്‍ നിരന്തരമായി ഒഴിവാക്കപെടുകയാണെന്ന് ഒ.ബി.സി വിഭാഗക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:  Rahul Gandhi against Modi’s promises

We use cookies to give you the best possible experience. Learn more