വിദ്യാര്‍ത്ഥികളെ, എന്തുകൊണ്ടാണ് നിങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ വിശ്വസിക്കാത്തത്? അന്താരാഷ്ട്ര സെമിനാറുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിവേണമെന്ന നിര്‍ദ്ദേശത്തില്‍ രാഹുല്‍
national news
വിദ്യാര്‍ത്ഥികളെ, എന്തുകൊണ്ടാണ് നിങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ വിശ്വസിക്കാത്തത്? അന്താരാഷ്ട്ര സെമിനാറുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിവേണമെന്ന നിര്‍ദ്ദേശത്തില്‍ രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 9:19 am

ന്യൂദല്‍ഹി: അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്കും സെമിനാറുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളേയും അക്കാദമിക് വിദഗ്ധന്മാരെയും വിശ്വസിക്കാത്തതെന്ന് രാഹുല്‍ ചോദിച്ചു.

”വിദ്യാര്‍ത്ഥികളെ, അക്കാദമിക് വിദഗ്ധരെ, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് പുറംലോകത്തോട് സംസാരിക്കാന്‍ അനുവാദമില്ലാത്തതെന്ന് ദയവായി സ്വയം ചോദിക്കുക. എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നിങ്ങളെ വിശ്വസിക്കാത്തത്?’ അദ്ദേഹം ചോദിച്ചു.

‘ഓണ്‍ലൈന്‍ / വെര്‍ച്വല്‍ കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ എന്നിവ നടത്തുന്നതിനുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍’ എന്ന പേരില്‍ കേന്ദ്രം പുതിയ ഓഫീസ് മെമ്മോറാണ്ടം ഇറക്കിയിരുന്നു. ഇതിലാണ് അന്താരാഷ്ട്ര സെമിനാര്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പറയുന്നത്.

പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു ധനസഹായം ലഭിക്കുന്ന സര്‍വകലാശാലകളും രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ അന്താരാഷ്ട്ര സമ്മേളനങ്ങളോ സെമിനാറുകളോ നടത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണമെന്നാണ് പറയുന്നത്.

”രാജ്യ സുരക്ഷ , അതിര്‍ത്തി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷ, ജമ്മു കശ്മീര്‍, ലഡാക്ക് യു.ടി അല്ലെങ്കില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഓണ്‍ലൈന്‍ അന്താരാഷ്ട്ര സമ്മേളനങ്ങളോ സെമിനാറുകളോ നടത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് അറിയിപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Rahul Gandhi against Modi govt