| Saturday, 27th February 2021, 6:48 pm

'മോദിയെക്കൊണ്ട് ആര്‍ക്കാണ് ഉപകാരമെന്നതാണ് ഇവിടെ ചോദ്യം,ബി.ജെ.പി ഭരണത്തിന് കീഴില്‍ ജനാധിപത്യം മരിച്ചു'; വിമര്‍ശനവുമായി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പി ഭരണത്തിന് കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യം മരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സംവിധാനങ്ങള്‍ക്കും സ്വതന്ത്ര മാധ്യമങ്ങള്‍ക്കും നേരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

മോദിയെക്കൊണ്ട് ഉപകാരമുള്ളത് അദ്ദേഹത്തെ വെച്ച് പണമുണ്ടാക്കുന്ന കോര്‍പറേറ്റുകള്‍ക്ക് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. തൂത്തുക്കുടിയിലെ വി.ഒ.സി കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലോക്‌സഭ, പഞ്ചായത്തുകള്‍, ജുഡീഷ്യറി, സ്വതന്ത്ര മാധ്യമങ്ങയവയാണ് രാജ്യത്തെ നിലനിര്‍ത്തുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി ഇവയ്‌ക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. ആര്‍.എസ്.എസ് രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയെ നശിപ്പിക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്ന് പറയാന്‍ എനിക്ക് സങ്കടമുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുക, ആളുകളെ കൊല്ലുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവയെല്ലാം എല്ലാം പ്രശ്‌നമാണെന്നും മോദിയെക്കൊണ്ട് പാവങ്ങള്‍ക്ക് ഒരു ഉപകാരവുമില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

‘പ്രധാനമന്ത്രി മോദി ഉപകാരമുള്ളയാളാണോ ഉപയോഗ ശൂന്യനാണോ എന്നതല്ല ഇവിടെ ചോദ്യം. മോദിയെക്കൊണ്ട് ആര്‍ക്കാണ് ഉപകാരമെന്നതാണ്. അത് വെറും രണ്ട് പേര്‍ക്കാണ്. ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന് പറയുന്നവര്‍ക്കും, മോദിയെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നവര്‍ക്കുമാണ്. പാവങ്ങള്‍ക്കാകട്ടെ അദ്ദേഹത്തെക്കൊണ്ട് ഒരു ഉപകാരവുമില്ല,’ രാഹുല്‍ പറഞ്ഞു.

പണവും അധികാരവും ഉപയോഗിച്ച് ബി.ജെ.പി മറുപക്ഷത്തുള്ള എം.എല്‍.എമാരെ വേട്ടയാടുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ഒഴുക്കിയ പണത്തെക്കുറിച്ചൊക്കെ തനിക്കറിയാമെന്നും രാഹുല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi against Modi and RSS in Thootukudi college

We use cookies to give you the best possible experience. Learn more