| Thursday, 23rd May 2024, 1:01 pm

രാജ്യത്തെ യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ഗ്യാസെടുത്ത് പക്കാവട ഉണ്ടാക്കാനാണ് പ്രധാനമന്ത്രി പറയുന്നത്: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് ബി.ജെ.പിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

സംവരണ വിഷയത്തില്‍ രാജ്യത്തെ ജനങ്ങളിലേക്ക് തെറ്റായ സന്ദേശം നല്‍കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ‘ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇന്ത്യാ മുന്നണി നടത്തുന്നത്. ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനയോ, ദേശീയ പതാകയോ ഇതുവരെ അംഗീകരിച്ചിട്ടില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന മാറ്റുമെന്നാണ് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നതെന്നും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെയും അദ്ദേഹം പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ഗ്യാസ് എടുത്ത് പക്കാവട ഉണ്ടാക്കാനാണ് പ്രധാനമന്ത്രി പറയുന്നതെന്ന് രാഹുല്‍ പരിഹസിച്ചു.

മോദി സർക്കാരല്ല, അദാനി സർക്കാരാണ് രാജ്യത്ത് അധികാരത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ജൂൺ നാലിന് ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ അഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

”സൈനിക ഉദ്യോഗസ്ഥരുമായി ആലോചിക്കാതെ അഗ്നിപഥ് പദ്ധതി കൊണ്ടുവന്ന് യുവാക്കളുടെ ഭാവി തകർക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. രക്തസാക്ഷികളെ മോദി രണ്ടായാണ് തരം തിരിച്ചിരിക്കുന്നത്. അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്നവർ അതിർത്തിയിൽ ജീവൻ ബലിയർപ്പിച്ചിട്ടും രക്തസാക്ഷികളായി കണക്കാക്കുന്നില്ല. അതിർത്തികൾ സംരക്ഷിക്കുന്ന യുവാക്കളെ വിഭജിക്കാൻ ഞങ്ങൾ അനുവദിക്കില്ല, ” രാഹുൽ ​ഗാന്ധി പറഞ്ഞു.

Content Highlight: rahul gandhi against modi

We use cookies to give you the best possible experience. Learn more