ന്യൂദല്‍ഹി: വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സമയപരിധിയില്ലെന്ന കേന്ദ്രത്തിന്റെ വാദത്തിന് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
രാജ്യത്ത് വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പാര്‍ലമെന്റിലാണ് കേന്ദ്രം അറിയിച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
കേന്ദ്രത്തിന്റെ പ്രസ്താവന അടങ്ങിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. നട്ടെല്ലില്ലായ്മയുടെ ക്ലാസിക് ഉദാഹരണം എന്നാണ് രാഹുല്‍ പറഞ്ഞത്.
”ജനങ്ങള്‍ ജീവിക്കുന്നത് ഞാണിന്മേലാണ്. സമയപരിധി ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്.
നട്ടെല്ലില്ലായ്മയുടെ ക്ലാസിക് ഉദാഹരണം,” രാഹുല്‍ ട്വീറ്റ് ചെയ്തു.
രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് പറയാന്‍ പറ്റില്ലെന്ന് കേന്ദ്രം പറഞ്ഞത്.
2021 അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരിക്കുമെന്നാണ് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞത്.
രാജ്യം മൂന്നാം തരംഗ ഭീഷണിയിലാണ് നിലവില്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന പശ്ചാത്തലത്തില്‍ സെപ്റ്റംബറോടെ തന്നെ മൂന്നാം തരംഗം ഉണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധനും ദല്‍ഹി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) മേധാവിയുമായ ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നത്.
സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിനകത്ത് രാജ്യത്ത് മൂന്നാം തരംഗം തുടങ്ങുമെന്നാണ് ഡോ. ഗുലേരിയയുടെ നിഗമനം. ഈ സമയത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമെന്നും അതിന്റെ തീവ്രതയെ കുറിച്ച് ഇപ്പോള്‍ വിലയിരുത്താനാകില്ലെന്നും അദ്ദേഹം പറയുന്നു.