| Sunday, 11th November 2018, 8:40 am

കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ നരേന്ദ്രമോദി ആയിട്ടില്ല; രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പുര്‍: കോണ്‍ഗ്രസ് നക്‌സലുകളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയെന്ന ബി.ജെ.പിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത്. റഫാല്‍ ഇടപാടിലൂടെ രാജ്യത്തെ ചതിച്ച നരേന്ദ്രമോദി കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാനായിട്ടില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി.

മാവോയിസ്റ്റുകളെ വിപ്ലവകാരികളായി കാണുന്ന കോണ്‍ഗ്രസിന് രാജ്യം മാപ്പു കൊടുക്കില്ലെന്നാണ് മോദിയുടെ വിമര്‍ശനം. എന്നാല്‍ റഫാല്‍ അഴിമതി ആയുധമാക്കി രാഹുല്‍ ഇതിന് മറുപടി നല്‍കി.

ALSO READ: ബി.ജെ.പി വിരുദ്ധ ചേരി ഒരുങ്ങുന്നു; പ്രതിപക്ഷകക്ഷികളുടെ ആദ്യയോഗം നവംബര്‍ 22 ന്

മോദി അഴമിതിക്കാരന്‍ തന്നെയെന്നും മോദിക്ക് പണക്കാരെ മാത്രമേ കാണാന്‍ പറ്റുന്നുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. അയ്യായിരം കോടി രൂപയുടെ ചിട്ടി തട്ടിപ്പ് , പൊതുവിതരണ രംഗത്തെ അഴിമതി തുടങ്ങിയവയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്ങിനെതിരായ പ്രചാരണ ആയുധങ്ങള്‍. എന്നാല്‍ കപട വാഗ്ദാനങ്ങള്‍ തന്റെ രീതിയല്ലെന്ന് രാഹുല്‍ പറഞ്ഞു.

നേരത്തേ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന മോദിയുടെ ആരോപണം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദ്യത് നാഥും ഏറ്റെടുത്തിരുന്നു. കോണ്‍ഗ്രസ് മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിച്ചെന്നാണ് യോഗി ആദിത്യനാഥിന്റെ ആരോപണം.അയോധ്യ വിഷയവും യുപി മുഖ്യമന്ത്രി ഉന്നയിച്ചു.

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് ബദലായി രമണ്‍സിങ്ങിന്റെ മണ്ഡലമായ രാജ് നന്ദ ഗാവില്‍ അമിത് ഷായും റോഡ് ഷോ നടത്തി. മാവോയിസ്റ്റുകളെ വിപ്ലവകാരികളായി കാണുന്ന കോണ്‍ഗ്രസിനെ കൊണ്ട് ഛത്തീസ്ഗഡിന് ഗുണമില്ല. രമണ്‍ സിങ്ങ് സര്‍ക്കാരിന് മാവോയിസ്റ്റുകളെ ഏതാണ്ട് അമര്‍ച്ച ചെയ്യാനായെന്നും അമിത് ഷാ അവകാശപ്പെട്ടു.

നാളെയാണ് ഛത്തിസ്ഗഡില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

We use cookies to give you the best possible experience. Learn more