| Monday, 11th March 2019, 8:15 am

മസൂദ് അസ്ഹറിനെ പാകിസ്ഥാനിലേക്ക് തിരികെ അയച്ചത് അജിത് ഡോവല്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമ ഭീകാരക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിച്ചതില്‍ ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മസൂദ് അസ്ഹറിനെ അജിത് ഡോവല്‍ കാണ്ഡഹാറില്‍ കൊണ്ടുപോയി മോചിപ്പിക്കുന്ന ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. മസൂദ് അസ്ഹറിനെ പാകിസ്ഥാന് കൈമാറാനായി കാണ്ഡഹാറിലേക്ക് എത്തിച്ചത് അജിത് ഡോവലാണെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെയാണ് ഉന്നയിച്ചിരിക്കുന്നത്. മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യത്തില്‍ അതിജ് ഡോവലിന്റെ ചിത്രം മാര്‍ക്ക് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്.


“പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 ജവാന്മാരുടെ കുടുംബത്തോട് മോദി പറയണം, അവരുടെ ജീവനെടുത്ത മസൂദ് അസ്ഹറിനെ ആരാണ് വിട്ടയച്ചതെന്ന്. നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് മസ്ഹൂദ് അസ്ഹറിനെ പാകിസ്ഥാനിലേക്ക് തിരികെ അയക്കാന്‍ ഇടപാട് നടത്തിയ ആളാണെന്ന് അതിനോടൊപ്പം പറയണമെന്നും” രാഹുല്‍ ട്വീറ്റ് ചെയ്തു.

മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്ന വസ്തുത പ്രധാനമന്ത്രി മോദി രാജ്യത്തോട് സമ്മതിക്കണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

“മോദിയോട് എനിക്കുള്ളത് ഒരു ചോദ്യം മാത്രമാണ്. ആരാണ് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊന്നത്? ആരാണ് ആ കൊലയാളികളുടെ നേതാവ്? അയാളുടെ പേര് മസൂദ് അസ്ഹര്‍ എന്നാണ്. 1999ല്‍ ബി.ജെ.പി സര്‍ക്കാരാണ് മസൂദ് അസ്ഹറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ച് പാകിസ്ഥാനിലേയ്ക്ക് അയച്ചത്”- രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.


“മോദി എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് ഒന്നും പറയാത്തത്? 40 ജവാന്‍മാരുടെ ജീവനെടുത്ത ഭീകരനെ പാകിസ്ഥാന് കൈമാറിയത് ബി.ജെ.പിയാണെന്ന സത്യം എന്തുകൊണ്ട് മിണ്ടുന്നില്ല? മോദി, താങ്കളെപ്പോലെയല്ല ഞങ്ങള്‍, ഭീകരവാദത്തിനു മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല”- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം ഭീകരര്‍ തട്ടിയെടുക്കുകയും വിലപേശുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ തടവില്‍ കഴിഞ്ഞിരുന്ന മസൂദ് അസ്ഹറിനെ 1999ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് വിട്ടയച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more