| Sunday, 16th April 2023, 3:27 pm

അദാനി അഴിമതിയുടെ ചിഹ്നം; അയോഗ്യനാക്കിയാലും ജയിലിലിട്ടാലും നിലപാടില്‍ മാറ്റമില്ല; കോലാറില്‍ പ്രധാനമന്ത്രിക്കും അദാനിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് പണം നല്‍കുന്നുവെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ഏത് രാജ്യത്ത് പോയാലും പ്രധാന കരാറുകള്‍ അദാനിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന ജയ് ഭാരതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് കോലാറില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. എന്നാല്‍ കേസിന് ശേഷം ആദ്യമായി കോലാര്‍ സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘അദാനിയും മോദിയും തമ്മിലുള്ള ബന്ധമാണ് ഞാന്‍ ചോദിച്ചത്. അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണ്. എന്നെ പുറത്താക്കി ഭയപ്പെടുത്താമെന്നാണ് മോദി കരുതുന്നത്. അയോഗ്യനാക്കിയാലും ജയിലിലിട്ടാലും എന്റെ നിലപാടില്‍ മാറ്റമില്ല.

എന്നെ കുറിച്ച് മോദി നുണ പറഞ്ഞു. പക്ഷേ എനിക്ക് മറുപടി പറയാന്‍ അനുമതി കിട്ടിയില്ല. എന്റെ ചോദ്യങ്ങള്‍ക്കുള്ള മോദിയുടെ മറുപടി കിട്ടുന്നതുവരെ എനിക്ക് വിശ്രമമില്ല. അദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ മൈക്ക് ഓഫ് ചെയ്തു. അദാനിയുടെ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് മോദി ഭയക്കുന്നുണ്ട്. അദാനി അഴിമതിയുടെ ചിഹ്നമാണ്.

അദാനിയുടെ ഷെല്‍ കമ്പനിയുടെ ഡയറക്ടര്‍ ചൈനക്കാരനാണ്. പ്രതിരോധ മേഖലയില്‍ കരാര്‍ നേടുന്ന കമ്പനിയില്‍ ചൈനീസ് ഡയറക്ടര്‍ എങ്ങനെ വന്നു. ഇക്കാര്യത്തില്‍ അന്വേഷണമില്ല,’ അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ കോലാര്‍ റാലി മൂന്ന് തവണയാണ് മാറ്റിവെച്ചിരുന്നു. കോലാറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം കാരണമാണ് റാലി മാറ്റിവെച്ചത്. അനിശ്ചിതത്വം നീക്കി ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ ശേഷമാണ് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞായറാഴ്ച എത്തിയത്.

content highlight: rahul gandhi against adani at kolar

Latest Stories

We use cookies to give you the best possible experience. Learn more