national news
'നീതിക്ക് വേണ്ടി ഗോദ ഉപേക്ഷിച്ച് അവർക്ക് തെരുവിലിറങ്ങേണ്ടി വരുമ്പോൾ ഈ പാത ആര് തെരഞ്ഞെടുക്കും?'; ഗുസ്തി താരങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Dec 27, 11:34 am
Wednesday, 27th December 2023, 5:04 pm

ചണ്ഡീഗഢ്: തങ്ങളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി ഗോദയിലെ പോരാട്ടം ഉപേക്ഷിച്ച് താരങ്ങൾക്ക് തെരുവിൽ പോരാടേണ്ടി വന്നാൽ ഈ പാത തെരഞ്ഞെടുക്കാൻ സ്വന്തം മക്കളെ ആരാണ് പ്രോത്സാഹിപ്പിക്കുക എന്ന് രാഹുൽ ഗാന്ധി.

ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ അഖാഡയിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി ബജ്റംഗ് പൂനിയ ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ കണ്ട് സംസാരിച്ചിരുന്നു.

സന്ദർശനത്തിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച രാഹുൽ ഗാന്ധി ഗുസ്തി താരങ്ങളുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ചു.

‘വർഷങ്ങളുടെ കഠിനാധ്വാനവും ക്ഷമയും അച്ചടക്കവും കൈമുതലാക്കി രക്തവും വിയർപ്പുമൊഴുക്കിയാണ് ഒരു താരം തന്റെ രാജ്യത്തിനായി മെഡൽ നേടുന്നത്.

ഒരു ചോദ്യമേ ഉള്ളൂ. ഈ താരങ്ങൾക്ക്, ഇന്ത്യയുടെ മക്കൾക്ക്, തങ്ങളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി ഗോദയിലെ പോരാട്ടം ഉപേക്ഷിച്ച് തെരുവിൽ പോരാടേണ്ടി വന്നാൽ ഈ പാത തെരഞ്ഞെടുക്കാൻ സ്വന്തം മക്കളെ ആരാണ് പ്രോത്സാഹിപ്പിക്കുക?

കർഷക കുടുംബങ്ങളിൽ നിന്നുള്ള സത്യസന്ധരായ, ലാളിത്യമുള്ള മനുഷ്യരാണ് ഇവർ. അവർ ത്രിവർണ പതാകയെ സേവിക്കട്ടെ. മുഴുവൻ ആദരവോടെയും അവർ ഇന്ത്യയെ അഭിമാനം കൊള്ളിക്കട്ടെ,’ രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

രാഹുൽ ഗാന്ധിയുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നുവെന്നും അഖാഡയിൽ ഉണ്ടായിരുന്നവർക്ക് അതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നും ബജ്റംഗ് പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രിജ് ബൂഷൺ സിങ്ങിന്റെ അനുയായി ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്റംഗ് പൂനിയ തന്റെ പത്മശ്രീ പുരസ്‌കാരം തിരികെ നൽകുകയും ചെയ്തിരുന്നു.

സാക്ഷി മാലിക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രണ്ട് പ്രാവശ്യം ഗുസ്തി ലോക ചാമ്പ്യനായ വിനേഷ് ഫോഗട്ട് തന്റെ ഖേൽ രത്നയും അർജുന അവാർഡും തിരികെ നൽകുകയാണെന്ന് അറിയിച്ചിരുന്നു.

Content Highlight: Rahul Gandhi, after meeting wrestlers, has ‘only one question’ on WFI row