| Thursday, 23rd May 2019, 6:16 pm

ജനവിധിയെ ബഹുമാനിക്കുന്നു; മോദിക്കും സ്മൃതിക്കും ബി.ജെ.പിക്കും അഭിനന്ദനം; പ്രതികരണവുമായി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേഠിയിലെ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധിയെ ബഹുമാനിക്കുന്നെന്നും സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നെന്നും ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തനിക്കു തെറ്റായെന്നു തോന്നുന്ന കാര്യങ്ങള്‍ ഇന്നു ചര്‍ച്ച ചെയ്യാനുള്ള സമയമല്ല. ജനങ്ങള്‍ നരേന്ദ്രമോദിയാവണം തങ്ങളുടെ പ്രധാനമന്ത്രിയെന്നു തീരുമാനിച്ചു കഴിഞ്ഞു. ഒരു ഇന്ത്യക്കാരനെന്നുള്ള നിലയില്‍ ഞാനതിനെ ബഹുമാനിക്കുന്നു. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണു നടന്നത്. അതില്‍ മോദി ജയിച്ചു. പോരാട്ടം തുടരണം. ആത്മവിശ്വാസം നഷ്ടപ്പെടരുത്.- രാഹുല്‍ പറഞ്ഞു.

അമേഠിയില്‍ നിന്നും വയനാട്ടില്‍ നിന്നും ജനവിധി തേടിയ രാഹുല്‍ അമേഠിയില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സ്മൃതി ഇറാനിയോടു പരാജയം ഉറപ്പിക്കുകയായിരുന്നു. അതേസമയം വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിക്കുകയും ചെയ്തു. 35899 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി ഇപ്പോള്‍ വിജയമുറപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. 4.16 ലക്ഷം ഭൂരിപക്ഷമാണ് ഇപ്പോള്‍ രാഹുലിനു വയനാട്ടിലുള്ളത്.

അതേസമയം കേന്ദ്രത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. എന്‍.ഡി.എ 355 സീറ്റുകളില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ 90 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2014-ല്‍ 334 സീറ്റുകളാണ് എന്‍.ഡി.എയ്ക്കുണ്ടായിരുന്നത്.

ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും വന്‍മുന്നേറ്റമാണ് ബി.ജെ.പി കാഴ്ചവെച്ചത്. പശ്ചിമബംഗാളിലും ഒഡീഷയിലും മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. യു.പിയില്‍ മഹാസഖ്യം പരാജയപ്പെട്ടതും ബി.ജെ.പിക്ക് നേട്ടമായി. മെയ് 26ന് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷ പദവി ഒഴിയും. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more