ബെംഗളൂരു: യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടത്തിയ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒ.ബി.സി വിഭാഗത്തോട് വലിയ മമത പുലര്‍ത്തുന്ന മോദി എന്തുകൊണ്ടാണ് ജാതി സെന്‍സസ് റിപ്പോര്‍ട്ട് മൂടി വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കര്‍ണാടകയിലെ കോലാറില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പരാമര്‍ശം.
രാജ്യത്തെ ദളിതരുടെയും ആദിവാസികളുടെയും യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വിട്ടാല്‍ മാത്രമേ നീതിയുക്തമായി ഭരണ സംവിധാനത്തില്‍ അവര്‍ക്ക് പ്രാധാന്യം നല്‍കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
കൂട്ടത്തില്‍ ഒ.ബി.സിക്കാര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സെക്രട്ടറിമാരില്‍ കേവലം ഏഴ് ശതമാനം മാത്രമാണ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘2012ലെ യു.പി.ഐ സര്‍ക്കാര്‍ ഇന്ത്യയില്‍ ജാതി സെന്‍സസ് നടത്തി. ഈ രാജ്യത്തിന്റെ മുഴുവന്‍ ജാതികളുടെയും വിവരങ്ങള്‍ കൃത്യമായി അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒ.ബി.സിക്കാരോട് ഇത്ര സ്‌നേഹമുള്ള മോദി എന്തുകൊണ്ടാണ് ആ റിപ്പോര്‍ട്ട് പുറത്ത് വിടാത്തത്. രാജ്യത്തെ ദളിതരുടെയും ആദിവാസികളുടെയും ഒ.ബി.സിക്കാരുടെയും വിവരങ്ങള്‍ പൊതുജനമറിയട്ടെ.
നിങ്ങളത് ചെയ്യാത്തത് ഒ.ബി.സിക്കാരെ അപമാനിക്കുന്നതിന് തുല്യമാണ്. നിങ്ങളുടെ സര്‍ക്കാരിന്റെ സെക്രട്ടറിമാരില്‍ കേവലം ഏഴ് ശതമാനമാണ് ദളിത് ആദിവാസി ഒ.ബി.സി
പ്രാതിനിധ്യമുള്ളത്. എസ്.സി, എസ്.ടി ക്വോട്ടകള്‍ അവരുടെ ജനസംഖ്യാടിസ്ഥാനത്തില്‍ വീതിച്ച് നല്‍കുകയാണ് വേണ്ടത്,’ രാഹുല്‍ പറഞ്ഞു.
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തന്നെ കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്നും ബി.ജെ.പിയുടെ കമ്മീഷന്‍ സര്‍ക്കാരിനെ ജനങ്ങള്‍ തള്ളിക്കളയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘കര്‍ണാടകയില്‍ ഇനി കോണ്‍ഗ്രസ് സര്‍ക്കാരാണ് വരാന്‍ പോകുന്നത്. മോദി അദാനിക്ക് പണം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് പാവങ്ങള്‍ക്ക് സഹായം നല്‍കുന്നു. 40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. നിങ്ങളുടെ പണം കൊണ്ട് നിങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് കന്നട മക്കള്‍ അനുവദിക്കില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
2019ല്‍ കോലാറില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് കോടതി കുറ്റക്കാരനെന്ന് വിധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ എം.പി സ്ഥാനത്ത് നിന്നും അയോഗ്യനായിക്കിയിരുന്നു. കേസിന് പിന്നാലെ ആദ്യമായാണ് രാഹുല്‍ ഗാന്ധി കോലാര്‍ സന്ദര്‍ശിക്കുന്നത്.
Content Highlight: rahul gandhi addressing kolar rally