കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ഉറച്ച് കോണ്‍ഗ്രസ്; മൂന്ന് നേതാക്കള്‍ ലഖിംപൂരില്‍ എത്തുമെന്ന് രാഹുല്‍ ഗാന്ധി
Lakhimpur Kheri Protest
കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ഉറച്ച് കോണ്‍ഗ്രസ്; മൂന്ന് നേതാക്കള്‍ ലഖിംപൂരില്‍ എത്തുമെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th October 2021, 10:49 am

 

ലഖ്‌നൗ: കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ യു.പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ലിഖാപൂരില്‍ കര്‍ഷകര്‍ക്ക് നേരെ നടന്നത് സര്‍ക്കാര്‍ ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരെ ജീപ്പ് കയറ്റി കൊല്ലുകയാണെന്നും ആസൂത്രിതമായി കര്‍ഷകരെ തകര്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് സംഘം കര്‍ഷകരുടെ കുടുംബത്തെ കാണുമെന്നും മൂന്ന് നേതാക്കളാണ് ലഖിംപൂരിലേക്ക് പോകുന്നതെന്നും രാഹുല്‍ പറഞ്ഞു.

144 ആണെങ്കിലും മൂന്ന് പേര്‍ക്ക് പോകാമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖ്‌നൗവില്‍ എത്തിയിട്ടും ലഖിംപൂരില്‍ പോകാതിരുന്നതിനെപ്പറ്റിയും രാഹുല്‍ പറഞ്ഞു.

അതേസമയം, ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

എന്നാല്‍, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ്.യു.വിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് നേരെ എസ്.യു.വി പാഞ്ഞടുക്കുന്നതും അവരെ ഇടിച്ചിട്ട് പോകുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പിറകേയായി സൈറണ്‍ മുഴക്കി മറ്റൊരു വാഹനവും കടന്നുപോകുന്നുണ്ട്.

അതേസമയം, ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളിലേക്ക് പോകാന്‍ പൊലീസ് രാഷ്ട്രീയ നേതാക്കളെ അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Rahul Gandhi Addresses Press After Being Denied Entry to Lakhimpur