കൊഹിമ: ഒമ്പത് വർഷം മുമ്പ് നാഗ കരാറിലൂടെ നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് പോലും പ്രധാനമന്ത്രി പാലിച്ചിട്ടില്ല എന്നത് നാണക്കേടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഗാലാൻഡിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഇല്ലെങ്കിൽ അവരോട് കള്ളം പറയാനുള്ള അവകാശമില്ലെന്നും ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ന്യായ് യാത്രയുടെ മൂന്നാം ദിവസം നാഗാലാൻഡിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മറ്റുപ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ നാഗാലാൻഡും അസമും മണിപ്പൂരും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അനീതി നേരിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
‘ഈ ശോചനീയമായ റോഡുകളിലൂടെ നാഗാലാൻഡിലെ ജനങ്ങൾക്ക് യാത്ര ചെയ്യേണ്ടിവരുന്നു എന്നത് അനീതിയാണ്. ഇത് നാഗാലാൻഡിലെ ജനങ്ങളോടുള്ള വഞ്ചനയാണ്.
ഇത്തരം റോഡുകൾ കൊണ്ട് എങ്ങനെയാണ് നാഗാലാൻഡിലെ യുവജനങ്ങൾക്ക് ശുഭകരമായ ഭാവി ഒരുക്കാൻ നമുക്ക് സാധിക്കുക?
ഇന്ത്യയിൽ ധാരാളം മത്സര പരീക്ഷകൾ ഉണ്ട്. ഒരു നാഗ വിദ്യാർത്ഥിക്ക് ഈ റോഡുകൾ താണ്ടി ആ പരീക്ഷ എഴുതേണ്ടി വരുമ്പോൾ അതെങ്ങനെ ന്യായമാകും?
വീട്ടിൽ വൈദ്യുതി ഇല്ലാത്ത ഒരു നാഗ വിദ്യാർത്ഥി എങ്ങനെയാണ് വൈദ്യുതിയുള്ള വീട്ടിലെ കുട്ടിയുമായി മത്സരിക്കുക?
ആശുപത്രിയിൽ പോകുവാൻ സാധിക്കാത്ത രക്ഷിതാക്കളുടെ കുട്ടിക്ക് എങ്ങനെയാണ് എളുപ്പത്തിൽ ആശുപത്രിയിൽ പോകാൻ കഴിയുന്ന രക്ഷിതാക്കളുടെ കുട്ടിയുമായി മത്സരിക്കാൻ സാധിക്കുക?
ഭാരത് ന്യായ യാത്രയുടെ ലക്ഷ്യം അതാണ്. മണിപ്പൂരിലെയും നാഗാലാൻഡിലെയും അസമിലെയും, വികസനത്തിന്റെ ഭാഗമാകാത്ത ജനങ്ങൾ അനുഭവിക്കുന്ന അനീതി ഇന്ത്യയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നത്.
ആർ.എസ്.എസും ബി.ജെ.പിയും ഈ രാജ്യത്തെ വ്യത്യസ്തമായ സംസ്കാരങ്ങളെ ആക്രമിക്കുകയാണെന്നും ആചാരങ്ങളിലും ഭാഷകളിലും മറ്റുള്ളവർക്ക് ഇടപെടാൻ അവകാശമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.