|

നന്ദി ഫ്രാങ്കോയിസ് ഹോളണ്ട്, പാപ്പരായ അംബാനിക്ക് കരാര്‍ നല്‍കിയത് ആരാണെന്ന് പറഞ്ഞതിന്: രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫേല്‍ ഇടപാടില്‍ അംബാനിയുടെ പേര് നിര്‍ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന് വെളിപ്പെടുത്തിയ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോയിസ് ഹോളണ്ടിന് നന്ദി പറയുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

നന്ദി ഫ്രാങ്കോയിസ് ഹോളണ്ട്, കോടിക്കണക്കിന് രൂപയുടെ കരാര്‍ പാപ്പരായ അംബാനിക്ക് മോദിയാണ് മറിച്ചു നല്‍കിയെന്ന് തങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായിരിക്കുകയാണ്. പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചിരിക്കുകയാണ്. നമ്മുടെ സൈനികരുടെ രക്തത്തെ മോദി അപമാനിച്ചിരിക്കുകയാണ്. രാഹുല്‍ പറഞ്ഞു.

റഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം ഇന്ത്യ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചെന്നും തങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഹോളണ്ട് ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടിനോടാണ് പറഞ്ഞത്.

58,000 കോടിരൂപയുടെ കരാറില്‍ മോദി സര്‍ക്കാര്‍ തിരിമറി നടത്തിയെന്ന് രാഹുല്‍ഗാന്ധിയും പ്രതിപക്ഷവും നിരന്തരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.

Latest Stories