ന്യൂദല്‍ഹി: അപകീര്‍ത്തിക്കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്ത് വന്നാലും തന്റെ കര്‍ത്തവ്യം തുടരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യ എന്ന ആശയം സംരക്ഷിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സൂര്യനെയും ചന്ദ്രനെയും സത്യത്തെയും എക്കാലവും മറയ്ക്കാന്‍ സാധിക്കില്ലെന്ന ബുദ്ധന്റെ വാക്കുകളാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയതത്.
“Three things cannot be long hidden: the sun, the moon, and the truth”
~Gautama Buddha
माननीय उच्चतम न्यायालय को न्यायपूर्ण फैसला देने के लिए धन्यवाद।
सत्यमेव जयते।
— Priyanka Gandhi Vadra (@priyankagandhi) August 4, 2023
വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ച അനുകൂല വിധിയെന്ന് കോണ്‍ഗ്രസും പറഞ്ഞു. സത്യം വിജയിക്കുമെന്നും സുപ്രീം കോടതി വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചു.
അതേസമയം വിധി മോദി സര്‍ക്കാരിനെതിരെയുള്ള സന്ദേശമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത മുതല്‍ തുടങ്ങിയതാണ് ഈ കേസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മോദി സര്‍ക്കാരിനെതിരെയുള്ള വ്യക്തമായ സന്ദേശമാണ് ഇന്നത്തെ സുപ്രീം കോടതി വിധി. തെറ്റുകള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ക്ക് സംരക്ഷണമുണ്ടാകുമെന്നുള്ള വിധിയാണിത്. ഇത് ഒരിക്കലും രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ കാര്യമായി അദ്ദഹമെടുത്തിട്ടില്ല. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടുന്നത്. അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത മുതല്‍ തുടങ്ങിയതാണ് ഈ കേസിന്റെ വിധി. ഗുജറാത്തിലെ കോടതികളെല്ലാം ചെയ്ത കാര്യമാണ് ഇന്ന് സുപ്രീം കോടതി പറഞ്ഞത്. എന്താണ് പരമാവധി രണ്ട് വര്‍ഷം ശിക്ഷ? സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിച്ചുവെന്നതാണ് വിശ്വാസം. രാഹുല്‍ ഗാന്ധിയെ സത്യം വിളിച്ച് പറയുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും കഴിയില്ല,’ വേണുഗോപാല്‍ പറഞ്ഞു.
ഇന്നാണ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നത്. വിചാരണ കോടതിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ഇതോടെ എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും.
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസ് അസാധാരണമാണെന്നും കുറ്റം നിസാരമാണെന്നും പറഞ്ഞായിരുന്നു സുപ്രീം കോടതിയില്‍ രാഹുല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. കേസില്‍ മാപ്പ് പറയില്ലെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എം.പി എന്ന നിലയില്‍ കേസ് തനിക്ക് വരുത്തിയ ദോഷം വലുതാണെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും സത്യവാങ്ങ്മൂലത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എം.പി.സ്ഥാനം നഷ്ടമായിരുന്നു.
കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
CONTENT HIGHLIGHTS: RAHUL GANDHI ABOUT SUPREME COURT VERDICT